കൊച്ചി: നികുതി ദായകരുടെ വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഒപ്പിട്ട ഫാറ്റ്ക ഉടമ്പടി പ്രകാരം, രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളിൽ നടപടികൾ ആരംഭിച്ചു. ഇന്ത്യയിലെ ബാങ്കിംഗ് ഉപഭോക്താക്കളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങിക്കാനുള്ള നിർദ്ദേശം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകി. ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം ഇതിനായി ഏപ്രിൽ 30 ന് മുൻപ് ബാങ്കുകളിൽ ഹാജരാക്കണം.

യുഎസിലെ പൗരന്മാർക്കും അവിടെ നികുതി അടക്കുന്നവർക്കും മറ്റ് രാജ്യങ്ങളിലുള്ള ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ സർക്കാരിലേക്ക് ലഭ്യമാക്കുന്നതിനുള്ള നിയമമാണ് ഫാറ്റ്ക(FATCA).

അമേരിക്കൻ പൗരന്മാർക്കും, അവിടെ നികുതി നൽകുന്നവർക്കും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളും ഇടപാടുകളും അറിയാനാണ് ഉടമ്പടി ഒപ്പുവച്ചത്. ഇതുവഴി ഇന്ത്യയിലുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യാക്കാരും അവിടെ താമസിക്കുന്ന ഇന്ത്യക്കാരും നികുതിയടക്കേണ്ടി വന്നേക്കും.

കള്ളപ്പണം തടയുക, ഇതര രാജ്യങ്ങളിൽ പൗരന്മാരുടെ നിക്ഷേപം സംബന്ധിച്ച് ധാരണയുണ്ടാക്കുക തുടങ്ങിയ നടപടികളാണ് അമേരിക്ക ഇതിലൂടെ ഉദ്ദേശിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉടമകൾ സമർപ്പിക്കുന്ന ഈ സാക്ഷ്യപത്രത്തിലെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിൽ നിന്ന് അമേരിക്കയിലെ ആഭ്യന്തര റവന്യു സർവ്വീസിന് കൈമാറും. നാഷണൽ പെൻഷൻ സിസ്റ്റം (NPS) പ്രകാരം 2014 ജൂലൈ 1 നും 2015 ഓഗസ്റ്റ് 31 നും ഇടയിൽ അക്കൗണ്ട് തുറന്നവർക്കാണ് ഈ നിർദ്ദേശം പാലിക്കേണ്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2016 ജനുവരി ഒന്നിന് ശേഷം അക്കൗണ്ട് തുറന്ന മറ്റുള്ളവർക്കും നിബന്ധന ബാധകമാണെന്ന് കാനറ ബാങ്കിലെ ഉദ്യോഗസ്ഥനായ എസ്.എസ്.അനിൽ വ്യക്തമാക്കി. “ഏപ്രിൽ 30 ഞായറാഴ്ചയായതിനാൽ അവസാന തീയ്യതി ഫലത്തിൽ ശനിയാഴ്ച”യാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇത് പ്രകാരം 10000 ഡോളറിൽ (ആറര ലക്ഷം രൂപ) കൂടുതൽ വിദേശ നിക്ഷേപം വന്ന ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ അമേരിക്കയ്‌ക്ക് കൈമാറണം. ഇതിനുള്ള സമ്മതപത്രം എല്ലാ അക്കൗണ്ട് ഉടമകളിൽ നിന്നും വാങ്ങിക്കാനാണ് നിർദ്ദേശം. രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് കീഴിൽ അടിയറവ് വയ്ക്കുന്ന ഉടമ്പടിയാണിത്” ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എസ്.എസ്.അനിൽ പറഞ്ഞു.

ഇനിയുള്ള ദിവസങ്ങളിൽ അക്കൗണ്ടുകൾ മരവിപ്പിച്ച് ഈ സാക്ഷ്യപത്രം ഉപഭോക്താക്കളിൽ നിന്ന് എഴുതി വാങ്ങിക്കും. ഈ സാക്ഷ്യപത്രത്തിന്റെ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സഹിതം ഏപ്രിൽ 30 ന് മുൻപ് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഫോം www.npscra.nsdl.co.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ