മുംബൈ: അഭിപ്രായം പറയുന്നവരെ കൊല്ലുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ക്വിന്‍റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇതര മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ ഉളള വ്യക്തിയെ പ്രണയിച്ചാല്‍ നിങ്ങള്‍ കൊല്ലപ്പെടാം. അങ്ങനെയാണ് കാര്യങ്ങളിപ്പോള്‍, സെയ്ഫ് അലി ഖാന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചാലും കൊല്ലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

”ഇന്ത്യയിലെ സര്‍ക്കാരിനെ എത്രത്തോളം വിമര്‍ശിക്കാം എന്നറിയില്ല. അങ്ങനെ ചെയ്താല്‍ നിങ്ങളെ ആരെങ്കിലും ചിലപ്പോള്‍ കൊന്നെന്ന് വരാം,” എന്നായിരുന്നു നടന്റെ പ്രതികരണം. സമീപ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ പുതിയ സീരിസായ സേക്രട്ട് ഗെയിംസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും സെയ്ഫ് പ്രതികരിച്ചു. സീരിസിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ തനിക്ക് അത് സഹിക്കില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരമ്പരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് പരമ്പരയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്. രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. അതേസമയം. തന്റെ പിതാവ് രാജ്യത്തിന് വേണ്ടിയാണ് ജീവിച്ചതെന്നും ഭാവനകള്‍ക്ക് വാസ്തവത്തെ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ