ന്യൂഡൽഹി: പുതിയ 200 രൂപ നോട്ട് നിങ്ങൾ കണ്ടിട്ടുണ്ടോ? അതിനത് ഇറങ്ങിയോ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. വിപണിയിൽ വളരെ കുറച്ച് മാത്രം ഇറങ്ങിയ 200 രൂപ നോട്ടിന്റെ 270 വ്യാജനോട്ടുകൾ ജമ്മു കശ്മീരിൽ പിടികൂടി.
54000 രൂപ വിലമതിക്കുന്ന കള്ളനോട്ടുകളാണ് ജമ്മു കശ്മീരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. 6.36 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. ഇതിൽ 1150 നോട്ടുകൾ 500 രൂപയുടേതായിരുന്നു. 19 നോട്ടുകൾ 50 രൂപയുടേതും.
ഓഗസ്റ്റിലാണ് 200, 50 രൂപ നോട്ടുകൾ വിപണിയിലിറക്കിയത്. എന്നാൽ ഇവയിൽ 200 രൂപ നോട്ടുകൾ വളരെ കുറച്ച് മാത്രമേ വിപണിയിലെത്തിയിരുന്നുള്ളൂ. ഭൂരിഭാഗം പേരും ഇനിയും ഈ നോട്ടുകൾ കണ്ടിട്ടില്ല.
ഡിസംബർ ഒന്നിനാണ് ജമ്മു കശ്മീരിൽ വ്യാജനോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് കൂടുതൽ നോട്ടുകൾ കണ്ടെത്തിയത്.