‘നിങ്ങളെന്റെ സ്വപ്‌നവും ബാല്യവും കവര്‍ന്നു’; ലോകനേതാക്കളോട് പൊട്ടിത്തെറിച്ച് ഗ്രെറ്റ ട്യുന്‍ബര്‍ഗ്

യുവാക്കള്‍ നിങ്ങളുടെ ചതി മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ ഒരിക്കലും മാപ്പ് തരില്ല. ലോകം ഉണരുകയാണ്, മാറ്റം വരുന്നുണ്ട്. നിങ്ങള്‍ക്കത് ഇഷ്ടമായാലും ഇല്ലെങ്കിലും.

യുഎന്‍ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ഗ്രെറ്റ ട്യുന്‍ബര്‍ഗ് നടത്തിയ പ്രസംഗത്തിന്റെ സ്വതന്ത്ര പരിഭാഷ

ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെ നില്‍ക്കേണ്ടതായിരുന്നില്ല. സമുദ്രത്തിന്റെ മറുവശത്തെ സ്‌കൂളിലായിരുന്നു ഞാന്‍ ഉണ്ടാവേണ്ടിയിരുന്നത്. എന്നിട്ടും നിങ്ങളെല്ലാം പ്രതീക്ഷ തേടി എനിക്ക് അരികിലെത്തി. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ശൂന്യമായ വാക്കുകളിലൂടെ നിങ്ങളെന്റെ സ്വപ്‌നവും ബാല്യവും കവര്‍ന്നു. എന്നിട്ടും ഞാന്‍ ഭാഗ്യമുള്ളവരില്‍ ഒരാളാണ്. ആളുകള്‍ കഷ്ടപ്പെടുകയാണ്. ആളുകള്‍ മരിക്കുകയാണ്. ആവാസവ്യവസ്ഥകളെല്ലാം തകരുകയാണ്. വംശനാശത്തിന്റെ തുടക്കത്തിലാണ് നമ്മള്‍. പക്ഷെ നിങ്ങള്‍ സംസാരിക്കുന്നതത്രയും പണത്തെയും സാമ്പത്തിക വളര്‍ച്ചയെയും കുറിച്ചാണ്. നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വരുന്നു?

മൂന്നു പതിറ്റാണ്ടായി ശാസ്ത്രം വളരെ വ്യക്തമായി എല്ലാം പറഞ്ഞിട്ടുണ്ട്. എന്നിട്ട് എല്ലാം അവഗണിച്ച ശേഷം വേണ്ടതെല്ലാം ചെയ്യുകയാണെന്ന് ഇവിടെ വന്ന് പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? പരിഹാരമാര്‍ഗങ്ങളും രാഷ്ട്രീയവും കാണാന്‍ പോലും സാധിക്കുന്നില്ല.

നിങ്ങള്‍ പറയുന്നു നിങ്ങള്‍ ഞങ്ങളെ ‘കേള്‍ക്കുന്നു’ എന്ന്. അടിയന്തര സ്ഥിതി മനസിലാക്കുന്നുവെന്ന്. പക്ഷെ, ഞാന്‍ എത്ര മാത്രം ദു:ഖിതയും രോഷാകുലയുമാകട്ടെ, അതെനിക്കു വിശ്വസിക്കാനാകില്ല. കാരണം സാഹചര്യം പൂര്‍ണമായും മനസിലാക്കിയിട്ടും ഒന്നും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ തിന്മയായിരിക്കും. അതുകൊണ്ട് ഞാനതു വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.

അടുത്ത വര്‍ഷങ്ങളിൽ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതു പകുതിയായി കുറച്ചാല്‍ പോലും താപനില നിയന്ത്രിതമായി നിലനിര്‍ത്താനുള്ള സാധ്യത 50 ശതമാനം മാത്രമാണ്. മാറ്റാനാവാത്ത ചെയിന്‍ റിയാക്ഷനുകള്‍ മനുഷ്യനിയന്ത്രണത്തിനും അപ്പുറത്താണ്.

ആ 50 ശതമാനം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരിക്കും. അതുകൊണ്ട് 50 ശതമാനം അപകടസാധ്യത ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ച് ജീവിക്കേണ്ടത് ഞങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനത്തിനായുള്ള  രാജ്യാന്തര പാനലിന്റെ അറിയിപ്പ് പ്രകാരം ആഗോളതാപനില ഉയരുന്നത് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിലനിര്‍ത്താന്‍ 67 ശതമാനമെങ്കിലും സാധ്യമാക്കുന്നതായി 2018 ജനുവരി വരെ ലോകത്ത് 420 ജിഗാടണ്‍ കാര്‍ബെന്‍ ഡൈ ഓക്‌സൈഡ് ബാക്കിയുണ്ടായിരുന്നു. ഇന്നത് 350 ജിഗടണിലും കുറവാണ്. എന്നെന്നത്തേയും ബിസിനസ് പോലെയും സാങ്കേതിക പരിഹാരത്തിലൂടെയും നിങ്ങള്‍ക്കിത് പരിഹരിക്കാനാകുമെന്ന് എന്ത് ധൈര്യത്തിലാണു നിങ്ങള്‍ നടിക്കുന്നത്? നിലവിലെ നിരക്കില്‍ മൊത്തം ബജറ്റ് തന്നെ എട്ടര വര്‍ഷത്തിനുള്ളില്‍ തീരും.

ഈ കണക്കുകള്‍ വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. എന്നിട്ടും നിങ്ങള്‍ക്ക് അത് തുറന്നു പറായാനുള്ള പക്വതയില്ല. നിങ്ങള്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. പക്ഷെ യുവാക്കള്‍ നിങ്ങളുടെ ചതി മനസിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ ഭാവിതലമുറകളുടെയും കണ്ണുകള്‍ നിങ്ങളിലാണ്. നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചാല്‍, നിങ്ങള്‍ക്കു ഞങ്ങള്‍ ഒരിക്കലും മാപ്പ് തരില്ല. ഇതില്‍നിന്നു രക്ഷപ്പെടാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല. ഇന്ന് ഇവിടെയാണു ഞങ്ങള്‍ നിയന്ത്രണരേഖ വരയ്ക്കുന്നത്. ലോകം ഉണരുകയാണ്, മാറ്റം വരുന്നുണ്ട്. നിങ്ങള്‍ക്കത് ഇഷ്ടമായാലും ഇല്ലെങ്കിലും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: You have stolen my childhood greta thunberg slams world leaders at un climate summit

Next Story
ഓടുന്ന ട്രെയിനിൽ ചാടിക്കയറി, യുവാവ് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്train accident, railway, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express