/indian-express-malayalam/media/media_files/uploads/2017/04/sri-sri-410.jpg)
ന്യൂഡൽഹി: പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യത്തെ പരമോന്നത കോടതിയായ ദേശീയ ഹരിത ട്രിബ്യൂണലിൽ നിന്ന് ശ്രീ ശ്രീ രവിശങ്കറിന് രൂക്ഷമായ ശകാരം. "താങ്കൾക്ക് യാതൊരു ഉത്തരവാദിത്ത ബോധവും ഇല്ല. എന്തും ചെയ്യാമെന്നാണോ താങ്കൾ ധരിച്ച് വച്ചിരിക്കുന്നത്" എന്നും കോടതി രവിശങ്കറിനോട് പറഞ്ഞു.
യമുനാ നദിയുടെ തീരത്ത് 2016 ൽ നടത്തിയ സാംസ്കാരിക മഹോത്സവത്തെ തുടർന്നുള്ള വിവാദങ്ങളാണ് ഗ്രീൻ ട്രിബ്യൂണലിന്റെ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രവിശങ്കർ നടത്തിയ പ്രസ്താവനയാണ് കോടതിയെ ചൊടിപ്പിച്ചത്.
"മൂന്ന് ദിവസം നീണ്ടുനിന്ന സാംസ്കാരിക മഹോത്സവം പരിസ്ഥിതിക്ക് ഏതെങ്കിലും വിധത്തിൽ കോട്ടം തട്ടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരുകൾക്കാണെന്നും, അവരാണ് പരിപാടി നടത്താൻ അനുമതി നൽകിയതെന്നു"മുള്ള വാദമാണ് ഇന്നലെ രവിശങ്കർ ഉന്നയിച്ചത്.
"ഈ കാര്യത്തിന് ഏതെങ്കിലും വിധത്തിൽ പിഴ ഈടാക്കേണ്ടതുണ്ടെങ്കിൽ, അത് സംസ്ഥാന-കേന്ദ്ര സർക്കാരുകളിൽ നിന്നും ദേശീയ ഹരിത ട്രിബ്യൂണലിൽ നിന്നും ഈടാക്കണം. യമുന ഇത്ര വേഗം നശിച്ചുപോകുന്നതും വൃത്തിയുള്ളതും ആണെങ്കിൽ ആദ്യം അവസാനിപ്പിക്കേണ്ടത് ലോക സാംസ്കാരിക മഹോത്സവം ആണെ"ന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ലക്ഷക്കണക്കിന് പേർ പിന്തുടരുന്ന ഫെയ്സ്ബുക്കിലെ തന്റെ അക്കൗണ്ടിൽ രാജ്യത്തെ ഭരണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥിതിയെയും ചോദ്യം ചെയ്യുന്ന നിലയിലായിരുന്നു രവിശങ്കർ പ്രസ്താവന ഇറക്കിയത്.
കോടതിയുടെ ഭാഗത്ത് നിന്നുള്ള രരൂക്ഷമായ വിമർശനത്തെ ആ നിലയ്ക്കല്ല കാണുന്നതെന്ന് പിന്നീട് ശ്രീ ശ്രീ രവിശങ്കറിന്റെ വക്താവ് വ്യക്തമാക്കി. കോടതിയുടെ അഭിപ്രായവും നിരീക്ഷണവും അവസാനം പുറപ്പെടുവിക്കുന്ന വിധിയിലാണ്. അതിനിടയിലുള്ളതൊന്നും തങ്ങൾ ഗൗരവത്തോടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഹരിത ട്രിബ്യൂണൽ നിയമിച്ച ഏഴംഗ വിദഗ്ദ്ധ സമിതി നടത്തിയ പഠനത്തിൽ ശ്രീ ശ്രീ രവിശങ്കർ നടത്തിയ ലോക സാംസ്കാരിക മഹോത്സവം യമുന നദിയുടെ തീരത്തെ സാരമായി നശിപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഏഴ് ഏക്കറോളം സ്ഥലത്ത് സംഗീതജ്ഞർക്കും നർത്തകർക്കും വേണ്ടി വേദിയൊരുക്കിയതിന് പുറമേ സാംസ്കാരിക ഉത്സവത്തിനായി യമുനയുടെ തീരത്തെ ആയിരം ഏക്കർ സ്ഥലം ഉപയോഗിച്ച് നശിപ്പിച്ചെന്നാണ് റിപ്പോർട്ട്.
ഈ പ്രദേശം വീണ്ടും പൂർവ്വസ്ഥിതിയിലെത്തിക്കാൻ പത്ത് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. ഇതിന് ഏതാണ്ട് 42 കോടി രൂപ ചിലവ് വരുമെന്നും സമിതിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം യമുനയുടെ തീരത്ത് ഈ പരിപാടി നടത്തിയതിലൂടെ ഉണ്ടായ എല്ലാ പരിസ്ഥിതി പ്രശ്നങ്ങളും ശ്രീ ശ്രീ രവിശങ്കറും അദ്ദേഹം സ്ഥാപിച്ച ശ്രീ ശ്രീ രവിശങ്കർ ഫൗണ്ടേഷനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ പരിപാടി നടത്തിയതിന് പുസ്കാരം നൽകി ആദരിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് ശ്രീ ശ്രീ രവിശങ്കറിന്.
നേരത്തേ പരിപാടി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നപ്പോൾ തന്നെ പരിസ്ഥിതി വാദികൾ ഈ പരിപാടി റദ്ദാക്കണമെന്ന ആവശ്യവുമായി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ഏറെ വൈകിപ്പോയെന്ന ന്യായവാദം പറഞ്ഞ കോടതി, രവിശങ്കറിന് അഞ്ച് കോടി രൂപ പിഴയിടുകയായിരുന്നു.
ഹരിത ട്രിബ്യൂണൽ നിയമിച്ച സമിതിയുടെ റിപ്പോർട്ട് രവിശങ്കറിന് പൂർണ്ണമായും എതിരായതാണ് ഇപ്പോൾ ഉണ്ടായ മാറ്റം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us