ന്യൂഡല്‍ഹി: സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച സ്‌നേഹ നിര്‍ഭരമായ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘ഹൃദയത്തില്‍ തൊട്ട കുറിപ്പ്’ എന്ന തലക്കെട്ടോടെ, മോദി നല്‍കിയ കത്ത് പ്രണബ് മുഖര്‍ജി തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

‘നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഭരണപരിചയമേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ അങ്ങേയ്ക്ക് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടായിരുന്നു.താങ്കളുടെ അറിവും നിര്‍ദേശങ്ങളും വ്യക്തിപരമായ ഇടപെടലുകളും എന്നില്‍ വളരെയധികം ആത്മവിശ്വാസവും ശക്തിയും പകരുകയും എന്നേയും സര്‍ക്കാരിനേയും സഹായിക്കുകയും ചെയ്തു’ മോദി കത്തില്‍ കുറിക്കുന്നു.

മൂന്നു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയായി ഡല്‍ഹിയിലെത്തുമ്പോള്‍ ഡല്‍ഹി എനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു. വലിയ വെല്ലുവിളികളാണ് എന്നെ കാത്തിരുന്നത്. ഈ കാലത്ത് പിതൃതുല്യമായ വാല്‍സല്യത്തോടെ പ്രണബ് ദാ എനിക്ക് മാര്‍ഗദര്‍ശിയായി എന്നും മോദി കത്തില്‍ എഴുതി.

വിനയാന്വിതനും, മികച്ച നേതൃപാടവമുള്ള ഈ നേതാവിനെ ഓര്‍ത്ത് ഇന്ത്യ എന്നും അഭിമാനിക്കും. അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക് വഴികാട്ടും. എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകണമെന്ന അങ്ങയുടെ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നു കൊണ്ട് ഞങ്ങള്‍ മുന്നോട്ടു പോകുമെന്നും കത്തില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ