ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും അവ ഉറപ്പാകാതിരിക്കുന്ന യാത്രക്കാര്‍ക്ക് ഇതാ ഒരു ആശ്വാസ വാര്‍ത്ത. രാജധാനിയില്‍ ടിക്കറ്റ് ഉറപ്പാകാത്തവര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആശ്വാസ നടപടി. എസി ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഇവര്‍ യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കും വിമാനടിക്കറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക നല്‍കിയാല്‍ മതിയാകും. ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ റെയില്‍വേ എയര്‍ ഇന്ത്യയ്ക്ക് കൈമാറി.

‘ഇത്തരത്തില്‍ ഒരു പദ്ധതിയുമായി എയര്‍ ഇന്ത്യ തങ്ങളെ സമീപിച്ചിരുന്നുവെങ്കില്‍ ഞങ്ങളത് സ്വീകരിക്കുമായിരുന്നു’-റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. മുമ്പ് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആയിരിക്കെ ലൊഹാനി മുന്നോട്ടു വച്ചതായിരുന്നു ഈ ആശയം. എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാടായിരുന്നില്ല അന്ന് റെയില്‍വേ സ്വീകരിച്ചത്. രാജധാനിയിലെ എസി സെക്കന്റ് ക്ലാസ് ടിക്കറ്റുകളും എയര്‍ ഇന്ത്യയുടെ നിരക്കും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളൂവെന്നും ലൊഹാനി ചൂണ്ടിക്കാട്ടി.

നിരവധി ആളുകളാണ് ഓരോ ദിവസവും രാജധാനിയുടെ എസി രണ്ടാം ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ പലരുടെയും ടിക്കറ്റുകള്‍ ഉറപ്പാകാറില്ല. ഇത് വലിയ പ്രയാസമാണ് യാത്രക്കാര്‍ക്കുണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കുകയാണ് പുതിയനീക്കത്തിലൂടെ റെയില്‍വേ ലക്ഷ്യമാക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് പ്രതികരിക്കാനില്ലെന്ന് നിലവിലെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍ വ്യക്തമാക്കി. ഇത്തരമൊരു നിര്‍ദേശത്തെ കുറിച്ച് താന്‍ ആദ്യമായി കേള്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ