മുംബൈ : പരസ്യങ്ങളും വ്യാജവാഗ്ദാനങ്ങളും നല്‍കി തിരഞ്ഞെടുപ്പ് ജയിക്കാന്‍ സാധിക്കും. എന്നാല്‍ അതുപോലെയല്ല യുദ്ധം ജയിക്കുന്നത് എന്ന് ബിജെപിയോട് ശിവസേന മുഖ്യന്‍ ഉദ്ദവ് താക്രെ.

” ചൈനയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണികള്‍ വര്‍ദ്ധിച്ചു. നമ്മുടെ പക്കലാണ് എങ്കില്‍ യുദ്ധാവശ്യങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ പോലുമില്ല. ഈ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ എന്താണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് ? 1962ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്നും നമ്മള്‍ ചൈനയോട് പറഞ്ഞു. നമ്മള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷെ അതുപോലെയല്ല യുദ്ധം.” പാര്‍ട്ടി മുഖപത്രമായ സാമനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താക്രെ പറഞ്ഞു. മൂന്നു ഭാഗങ്ങളായി വന്ന അഭിമുഖത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങളിലും ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഉദ്ദവ് താക്രെ കടന്നാക്രമിക്കുന്നുണ്ട്.

കേന്ദ്രസര്‍കാരിനെ വിലയിരുത്തേണ്ടതുമുണ്ട് എന്നുപറഞ്ഞ ഉദ്ദവ് താക്രെ ” രണ്ടു കോടി ആളുകള്‍ക്ക് പാച്ച്ചകവാതകം നല്‍കി എന്നൊക്കെ നമ്മള്‍ പരസ്യത്തില്‍ കാണുന്നുണ്ട്. എന്നാല്‍ എവിടെയാണ് ഈ രണ്ടു കൂടി ആളുകള്‍ ? ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കി എന്നും അവര്‍ പറയുന്നു. അത് ശരിക്കും ഉള്ളത് തന്നെയാണോ ? സത്യം രാജ്യത്തിന്‍റെ മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്” താക്രെ പറഞ്ഞു.

ഒരു വാഗ്ദ്ധാനവും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നിട്ടും ഇപ്പോഴും ജനങ്ങള്‍ ബിജെപിക്ക് വോട്ടുനല്‍കുന്നത് മറ്റൊരു ബദല്‍ ശക്തി രാജ്യത്ത് ഉയര്‍ന്നുവരാത്തതുകൊണ്ടാണ് എന്നും ഉദ്ദവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ