ന്യൂഡല്‍ഹി: പശുക്കളുടെ സംരക്ഷണത്തിനായി നെട്ടോടമോടുന്നവര്‍ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് മൗനം പാലിക്കുന്നുവെന്ന് രാജ്യസഭാ എം.പി ജയാ ബച്ചന്‍. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തലയെടുക്കുന്നവർക്ക് പതിനൊന്ന് ലക്ഷം രൂപ പ്രഖ്യാപിച്ച ബംഗാൾ യുവമോർച്ച നേതാവിന്റെ പ്രഖ്യാപനത്തിന് എതിരാണ് ജയാ ബച്ചന്റെ പരാമര്‍ശം.
പശുക്കളെ സംരക്ഷിക്കാന്‍ നിങ്ങള്‍ മുറവിളി കൂട്ടുന്നു. എന്നാല്‍ സ്ത്രീയെ സംസാരിക്കാന്‍ മുന്നോട്ട് വരുന്നുണ്ടോ. ഒരു സ്ത്രീയെ കുറിച്ച് ഇത്രയും രൂക്ഷമായ രീതിയില്‍ എങ്ങനെയാണ് സംസാരിക്കാന്‍ കഴിയുന്നതെന്നും ജയാ ബച്ചന്‍ ചോദിച്ചു.
എങ്ങനെയാണ് ഒരാള്‍ക്ക് ഒരു സ്ത്രീയെ കുറിച്ച് ഇത്ര മോശമായി സംസാരിക്കാനാവുക. ഇതാണു നിങ്ങള്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ. ഇത്തരം നീക്കങ്ങള്‍ കൊണ്ട് രാജ്യത്ത് സ്ത്രീകള്‍ അരക്ഷിതാവസ്ഥ നേരിടുകയാണെന്നും അവര്‍ പറഞ്ഞു.
ബിജെപിയുടെ യുവമോർച്ച നേതാവ് യോഗേഷ് വാർഷ്ണേയാണ് വാഗ്‌ദാനം മമതയുടെ തല കൊയ്യുന്നവര്‍ക്ക് 11 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുളളത്.
”പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തല വെട്ടിയെടുത്ത് എന്റെ പക്കൽ കൊണ്ടു വരുന്നതാരാണോ അയാൾക്ക് ഞാൻ 11 ലക്ഷം രൂപ നൽകും. മമത രാമ നവമിയോടനുബന്ധിച്ച് സരസ്വതി പൂജകൾ നടത്താൻ അനുവദിക്കുന്നില്ല. ഹനുമാൻ ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ പങ്കെടുത്തവർക്കുനേരെ ലാത്തി ചാർജ് നടത്തി. മമത മുസ്‌ലിമുകളെയാണ് എപ്പോഴും പിന്തുണയ്ക്കുന്നതെന്നും” യോഗേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.