ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ബിജെപിയെ ആക്രമിക്കാനുള്ള മരുന്ന് ഇട്ടു കൊടുത്ത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നരേന്ദ്രമോദി സര്‍ക്കാര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അധികാരത്തിലെത്തിയത് എന്നായിരുന്നു ഒരു റിയാലിറ്റി ഷോയില്‍ ഗഡ്കരിയുടെ പ്രസ്താവന. ഇതിന് പിന്നാലെ ഗഡ്കരിയുടെ വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

ഒരു മറാത്തി ചാനലിലെ അഭിമുഖത്തിലായിരുന്നു ഗഡ്കരിയുടെ പ്രതികരണം. എങ്ങനെയാണ് 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്നാണ് ഗഡ്കരി വീഡിയോയില്‍ പറയുന്നത്. 2014 ല്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗഡ്കരി വീഡിയോയില്‍ പറയുന്നു. വിവാദ നടന്‍ നാനാ പഠേക്കറും വീഡിയോയിലുണ്ട്.

”ഞങ്ങള്‍ അധികാരത്തിലെത്തില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അധികാരത്തിലെത്തിയില്ലെങ്കില്‍ ആ വാഗ്ദാനങ്ങളുടെ ഉത്തരവാദിത്വമുണ്ടാകില്ലല്ലോ. ഇപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ ആ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് ഞങ്ങള്‍” എന്നായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍. അതേസമയം, പാര്‍ട്ടി ജനങ്ങളോട് ഇടപെടുന്നത് കൂടുതല്‍ സുതാര്യമാകണമെന്നും മന്ത്രി പറയുന്നു.

ഇതിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. തങ്ങളുടെ കാഴ്ച്ചപ്പാടിനെ ഗഡ്കരി അംഗീകരിച്ചിരിക്കുകയാണ്. വ്യാജ വാഗ്ദാനങ്ങളുടേയും ‘ജുംലകളുടേയും’ ബലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് അവര്‍ സമ്മതിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തേയും ഗഡ്കരിയുടെ പ്രസ്താവന ബിജെപിയ്ക്ക് തിരിച്ചടിയായിരുന്നു. രാജ്യത്ത് തൊഴിലവസരം കുറഞ്ഞ് വരികയാണെന്നും സംവരണം ജോലി ഉറപ്പ് നല്‍കില്ലെന്നുമായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. ഇത് വലിയ വിവാദമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook