ന്യൂഡൽഹി: ചൈനീസ് വക്താവിനെപ്പോലെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പെരുമാറുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര. ‘നിങ്ങൾ രാഹുൽ ഗാന്ധിയാണ്, ‘ചൈനീസ്’ ഗാന്ധിയല്ല. എന്തിനാണ് എപ്പോഴും നിങ്ങൾ അയൽരാജ്യത്തിന് അനുകൂലമായി സംസാരിക്കുന്നത്’, പത്ര ചോദിച്ചു. രാഹുലിന്റെ മാനസരോവർ യാത്രയുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ വിമർശനം.
മാനസരോവർ യാത്രയ്ക്കായി നേപ്പാൾ, ചൈന എന്നിവ വഴി രണ്ടു വഴികളാണുളളത്. ഇതിൽ ചൈന വഴിയായിരിക്കും രാഹുലിന്റെ യാത്രയെന്നാണ് റിപ്പോർട്ടുകൾ. ഇതിനെയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് രാഹുലിന്റെ കൈലാസ്-മാനസരോവർ യാത്ര.
ഇന്ത്യൻ വക്താവിനെപ്പോലെ അല്ലാതെ ചൈനീസ് വക്താവിനെപ്പോലെ എന്തിനാണ് രാഹുൽ പെരുമാറുന്നതെന്ന് ബിജെപി നേതാവ് ചോദിച്ചു. രാഹുലിന് ചൈനയോട് പ്രത്യേക താൽപര്യമുണ്ട്. എല്ലാ വിഷയത്തിലും ഇന്ത്യൻ നിലപാടുകൾ അല്ലാതെ, മറിച്ച് ചൈനീസ് നിലപാടുകൾ അറിയാൻ താൽപര്യപ്പെടുന്നത് എന്തിനാണ്? ചൈനയിൽ ഏതൊക്കെ രാഷ്ട്രീയനേതാക്കളെയാണ് അദ്ദേഹം കാണുന്നതെന്ന് കോൺഗ്രസ് പാർട്ടിയോട് ചോദിക്കുകയാണ്, ബിജെപി നേതാവ് പറഞ്ഞു.
ദോക്‌ലാ വിഷയത്തിൽ രാഹുൽ പ്രതികരിക്കാത്തതിനെക്കുറിച്ചും ബിജെപി നേതാവ് പരാമർശിച്ചു. ”ദോക്‌ലാ വിഷയത്തിൽ ഇന്ത്യൻ സർക്കാരിനെ വിശ്വാസത്തിലെടുക്കാതെ രാഹുൽ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. ദോക്‌ലാ വിഷയത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ തനിക്ക് അറിയില്ലെന്നും അതിനാൽ എനിക്ക് മറുപടി പറയാനാകില്ലെന്നുമാണ് രാഹുൽ പറഞ്ഞത്”.
അതിനിടെ, സാംബിത് പത്രയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. എന്തിനാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും രാഹുലിന്റെ മാനസരോവർ യാത്രയിൽ ഇത്രയും അസ്വസ്ഥരാകുന്നത്. കൈലാസ്-മാനസരോവർ എവിടെയാണെന്ന് അവർക്കറിയാമോയെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ചോദിച്ചു.