സിനിമയ്ക്ക് മുമ്പ് തിയേറ്ററുകളില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്യണമെന്നും ആ സമയത്ത് പ്രേക്ഷകര്‍ എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള വിധി സുപ്രീം കോടതി പുനഃപരിശോധിക്കാനിരിക്കെ വിഷയത്തില്‍ തന്റെ നിലപാടറിയിച്ച് നടി വിദ്യാ ബാലന്‍. ദേശീയത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും തിയേറ്ററുകളില്‍ ദേശീയ ഗാനം പ്രക്ഷേപണം ചെയ്യുന്നതിനോട് എതിരഭിപ്രായമാണെന്നും ഒരു പൊതു പരിപാടിയില്‍ വിദ്യ വ്യക്തമാക്കി.
‘സിനിമക തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം പ്രക്ഷേപണം ചെയ്യണമെന്ന് എനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിവസം ആരംഭിക്കാന്‍ നമ്മള്‍ സ്‌കൂളിലല്ല. എന്തെന്നാല്‍ തിയേറ്ററുകളില്‍ ദേശീയഗാനം വയ്ക്കരുതെന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദേശഭക്തി അടിച്ചേല്‍പിപ്പിക്കണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കാറുണ്ട്.’ -വിദ്യ പറഞ്ഞു.
ദേശീയഗാന വിഷയത്തില്‍ വിദ്യയുടെ നിലപാടുതന്നെയായിരുന്നു ഗായകന്‍ സോനു നിഗമിനും. ‘എല്ലാ രാജ്യത്തിന്റെയും ദേശീയ ഗാനം ബഹുമാനിക്കേണ്ടത് തന്നെയാണ് എന്നാല്‍ സിനിമ തിയേറ്ററുകളും ഭക്ഷണശാലകളുമല്ല അത് പ്രക്ഷേപണം ചെയ്യേണ്ട ഇടം. ഇനിയിപ്പോള്‍ പാകിസ്താന്റെ ദേശീയ ഗാനം കേട്ടാലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. കാരണം അത് ആ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടുമുള്ള ബഹുമാനമാണ്’ – സോനു നിഗം പറഞ്ഞു.
ഇരുപതും മുപ്പതും മിനുട്ടുകള്‍ ക്ലബിനും ഹോട്ടലിനും പുറത്ത് കാത്ത് നില്‍ക്കുന്നവര്‍ക്ക് വെറും അമ്പത്തിരണ്ട് സെക്കന്‍ഡ് ദേശീയഗാനത്തിനായി എഴുന്നേറ്റു നില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണോ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും തന്റെ ട്വിറ്ററിലൂടെ അഭിപ്രായമറിയിച്ചിരുന്നു.