ലക്‌നൗ: യോഗി ആദിത്യനാഥ്, കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, ബിജെപി എംഎൽഎയായ ശീതൽ പാണ്ഡെ എന്നിവരുൾപ്പടെ പതിമൂന്ന് പേർക്കെതിരായ കേസുകൾ പിൻവലിക്കാൻ യോഗി സർക്കാർ തീരുമാനിച്ചു. നിരോധന ഉത്തരവുകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസാണ് പിൻവലിക്കാൻ തീരുമാനിച്ചിട്ടുളളത്. ഉത്തർപ്രദേശ് സർക്കാർ യുപി ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താനുളള ബിൽ കൊണ്ടുവരുന്നതിന്രെ തലേ ദിവസമാണ് ഈ തീരുമാനമെടുത്തത്.

ഗോരഖ്പൂർ ജില്ലയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ പ്രതികൾ കോടതിയിൽ ഹാജരാകാത്തതിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ എല്ലാ പ്രതികൾക്കും വാറണ്ട് അയച്ചിരുന്നുവെങ്കിലും അവ നൽകപ്പെട്ടില്ലെന്ന് ഗോരഖ് പൂരിലെ പ്രോസിക്യൂഷൻ ഓഫീസർ ബി.ഡി.മിശ്ര പറയുന്നു.

ഡിസംബർ 20ന് ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്തിലാണ് കോടതിയിൽ നിന്നും ഈ കേസ് പിൻവലിക്കാൻ നിർദേശം നൽകിയ കാര്യം വ്യക്തമാക്കുന്നത്. ഒക്ടോബർ 27ന് കേസ് സംബന്ധിച്ച് നടത്തിയ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അതിൽ വ്യക്തമാക്കുന്നു. കത്തിൽ യോഗി ആദിത്യനാഥ്, ശിവ് പ്രതാപ് ശുക്ല, ശീതൾ പാണ്ഡെയുടെയും ഉൾപ്പടെ പതിമൂന്ന് പേരുകളുണ്ട്.

ഗോരഖ്പൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് രജനീഷ് ചന്ദ്ര ഈ വിവരം ശരിയാണെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷൻ ഈ കേസ് പിൻവലിക്കുന്ന കാര്യം ബന്ധപ്പെട്ട് കോടതിയിൽ ഫയൽ ചെയ്യും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രി ശിവ് പ്രതാപ് ശുക്ള, എംഎൽഎ ശീതൽ പാണ്ഡെ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോരഖ്പൂരിലെ പിപിഗാങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 1995 മെയ് 27 നാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുളളത്. യോഗി ആദിത്യനാഥിനും മറ്റ് പതിനാല് പേർക്കെതിരെയുമാണ് കേസ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്ന നിരോധന ഉത്തരവ് ലംഘിച്ചതിനായിരുന്നു കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ