അലഹാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശുപത്രി സന്ദർശനത്തിന്റെ ഭാഗമായി ആധികൃതർ ആശുപത്രിയിലുടനീളം കൂളറുകൾ ഘടിപ്പിച്ചു. എയര്‍ കൂളറുകള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശന ശേഷം നീക്കംചെയ്തുകയും ചെയ്തു. അലഹബാദ് സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലാണ് സംഭവം നടന്നത്. തനിക്ക് വേണ്ടി അനാവശ്യ വിവിഐപി സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്നും താൻ തറയിലിരുന്നു ശീലിച്ചയാളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ പ്രത്യേക കസേരകളും എയര്‍ കണ്ടീഷനുകളും പരവതാനി വിരിച്ചതും സന്ദര്‍ശന ശേഷം ഇതെല്ലാം തിരികെ കൊണ്ടുപോയതുമൊക്കെ വലിയ വിവാദമായിരുന്നു.

ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം സന്ദര്‍ശിക്കാനാണ് യോഗി എത്തിയത്. കടുത്ത ചൂടില്‍ ഉരുകുന്ന ആശുപത്രിയിലെ രോഗികള്‍ക്ക് വലിയ ആശ്വസമായിരുന്നു യോഗിയുടെ സന്ദര്‍ശന വേളയില്‍ മാത്രം സ്ഥാപിച്ച കൂളറുകള്‍. യോഗി തിരിച്ചു പോയപ്പോള്‍ കൂളറുകള്‍ ഇവിടെ നിന്നു നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ കാമറയില്‍ പകർത്തിയുന്നു. കൂളറുകള്‍ സ്ഥാപിച്ചപ്പോള്‍ രോഗികള്‍ക്ക് വലിയ ആശ്വസമായിരുന്നുവെന്നും യോഗിയെ പ്രീതിപ്പെടുത്താനാണ് ഇതെല്ലാം ഒരുക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ഒരു രോഗിയുടെ ബന്ധു പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Read More : 16 അടി നീളമുള്ള സോപ്പ് നല്‍കി യോഗിയെ ‘ശുദ്ധിവരുത്താന്‍’ ദലിത്‌ സംഘടന

കഴിഞ്ഞ മാസമായിരുന്നു പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട് സന്ദര്‍ശനത്തിന് യോഗി എത്തിയത്. പ്രേം സാഗറിന്റെ സഹോദരന്‍ ദയാ ശങ്കര്‍ തന്നെയാണ് മുഖ്യമന്ത്രിക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയതായി വ്യക്തമാക്കിയത്. ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനിടെ യോഗി ആദിത്യനാഥിനെ കാണാന്‍ ചെന്ന കുശിനഗര്‍ ജില്ലയിലെ ദലിതര്‍ക്ക് ശുദ്ധിവരുത്താനായി സോപ്പും ഷാംപുവും വിതരണം ചെയ്തതും വലിയ വിവാദമായിരുന്നു. ഇതേതുടർന്ന് യോഗി ആദിത്യനാഥിനെ ‘ശുദ്ധികലശം’ നടത്താന്‍ 16അടി നീളമുള്ള സോപ്പ് നല്‍കുമെന്ന് ദലിത്‌ സംഘടന അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ