ലക്നൗ: സര്‍ക്കാര്‍ ഓഫീസുകളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചതിന് ഒരാഴ്ച്ച കഴിയുമ്പോള്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവർക്ക് പിഴ. ഡ്യൂട്ടിയിലായിരിക്കെ പാൻമസാല ചവച്ചതിനാണ് 500 രൂപ പിഴ ചുമത്തിയത്.
അധികാരമേറ്റതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സർക്കാർ ഓഫീസുകളിൽ പാൻമസാല, പുകയില, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എന്നിവയ്ക്ക് യോഗി ആദിത്യനാഥ് നിരോധനം ഏർപ്പെടുത്തിയിരുന്നു. സർക്കാർ ഓഫീസ് കെട്ടിടങ്ങളിൽ മുറുക്കാൻ ചവച്ച് തുപ്പിയ പാടുകൾ ശ്രദ്ധയിൽപ്പെട്ടതാണ് ജോലി സമയത്ത് പാൻ മസാല ഉപയോഗം വിലക്കാൻ കാരണമായത്.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും 500 മീറ്റർ ചുറ്റളവിൽ പുകയിലയുൽപ്പന്നങ്ങൾ വിൽക്കുന്നതു നിരോധിച്ചുകൊണ്ടും ഉത്തരവിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പരിപാടി സംസ്ഥാനത്തുടനീളം വന്‍ പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.