ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് തിങ്കളാഴ്ച രാവിലെ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. എന്നാൽ ലോക്ക്ഡൗണ്‍ മൂലം പിതാവിന്റെ അന്ത്യകർമങ്ങളിൽ താൻ പങ്കെടുക്കില്ലെന്ന് ആദിത്യനാഥ് വ്യക്തമാക്കി.
Read More: ലോക്ക്ഡൗണ്‍ ലംഘിച്ചു; കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറസ്റ്റിൽ
“സത്യസന്ധത, കഠിനാധ്വാനം, പൊതുക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള മനസ് എന്നീ ശീലങ്ങൾ അദ്ദേഹം എന്നിൽ വളർത്തിയെടുത്തു. അവസാന നിമിഷങ്ങളിൽ അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ കൊറോണ വൈറസിനെതിരായ പോരാട്ടം ആസൂത്രണം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്നതിനാൽ അതിന് എനിക്ക് സാധിച്ചില്ല. ലോക്ക്ഡൗൺ കാരണം എനിക്ക് അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.” ഏറ്റവും കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കണം മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കേണ്ടതെന്ന് അദ്ദേഹം തന്റെ അമ്മയോടും കുടുംബാംഗങ്ങളോടും അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ കഴിഞ്ഞാൽ താൻ അവരെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10.44 ഓടെയാണ് ബിഷ്ത് അന്തരിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്തി പറഞ്ഞു. ഒരു മീറ്റിങ്ങിനിടയിലാണ് പിതാവിന്റെ മരണവാര്‍ത്ത മുഖ്യമന്ത്രിയെ തേടിയെത്തിയത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, കൈലാഷ് വിജയവർഗിയ, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Read in English: Yogi Adityanath: Won’t be able to perform last rites of my father due to lockdown