scorecardresearch
Latest News

യുപി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയില്‍ മത്സരിപ്പിച്ചേക്കും

ആദിത്യനാഥിനെ അയോധ്യയില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദേശം ബിജെപി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു

യുപി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയില്‍ മത്സരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയില്‍നിന്ന് ബിജെപി മത്സരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമായി ആദിത്യനാഥിനെ കൂടുതല്‍ ഉറപ്പിക്കാനും തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധകിട്ടാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഇത്തവണ താന്‍ മത്സരിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തെ അയോധ്യയില്‍ മത്സരിപ്പിക്കണമെന്ന നിര്‍ദേശം ബിജെപി ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ആദിത്യനാഥിനെ കൂടാതെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

”മുഖ്യമന്ത്രി അയോധ്യയില്‍നിന്നു മത്സരിക്കുന്നത് പാര്‍ട്ടി ഊന്നല്‍ നല്‍കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകിട്ടാന്‍ സഹായിക്കും,” ബിജെപിയിലെ മറ്റെരാള്‍ പറഞ്ഞു. ഇത് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ക്കുള്ള ‘പരമമായ’ സന്ദേശമാകുമെന്ന് ബിജെപിയിലെ പലരും കരുതുന്നു.

ആദിത്യനാഥിന്റെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് ഉന്നത നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ, അമിത് ഷാ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ ഉള്‍പ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടന്‍ യോഗം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. സന്തോഷും ചൊവ്വാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Also Read: യുപിയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; ഒരു മന്ത്രി കൂടി സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

മുഖ്യമന്ത്രിയുടെ കേന്ദ്രമായ ഗോരഖ്പൂരിലെ മഥുര, അല്ലെങ്കില്‍ ബിജെപി ഏറ്റവും കടുത്ത പോരാട്ടം നേരിടുന്ന പടിഞ്ഞാറന്‍ യുപിയിലെ ഒരു മണ്ഡലം ഉള്‍പ്പെടെ നിരവധി സീറ്റുകള്‍ ആദിത്യനാഥിന്റെ കാര്യത്തില്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന് അയോധ്യയില്‍ താല്‍പ്പര്യമുണ്ടെന്നാണ് പറയപ്പെടുന്നത്. എംപിയായിരിക്കെയാണു ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുന്നത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴിയാണ് അദ്ദേഹം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ക്ഷേമപദ്ധതികള്‍, വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍, ആദിത്യനാഥ് സര്‍ക്കാരിന്റെ ‘കടുത്ത’ ക്രമസമാധാന നയം എന്നിവയെക്കുറിച്ചുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഹിന്ദുത്വ ആഖ്യാനത്തിലേക്കും ഹിന്ദു ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനത്തിലും തിരികെപ്പോവുകയാണു ബിജെപി. അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദി മുതല്‍ ഷായും ആദിത്യനാഥും വരെയുള്ളവരുടെ പ്രസംഗങ്ങളില്‍ സ്ഥിരം പല്ലവിയാണ്.

മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവ്, യാദവ ഇതര ഒബിസി വിഭാഗങ്ങക്കിടയില്‍ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ‘വലിയ തോതിലുള്ള ഹിന്ദു ഏകീകരണം’ അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള ഉറപ്പായി ബിജെപി തന്ത്രജ്ഞര്‍ കാണുന്നു. ഇക്കാര്യത്തില്‍ ആദിത്യനാഥ് അയോധ്യയില്‍നിന്നു മത്സരിക്കുന്നതു സഹായിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇതാദ്യമായിട്ടായിരിക്കും ആദിത്യനാഥ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗോരഖ്പൂരിനു പുറത്തുള്ള അദ്ദേഹത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 2014 മുതല്‍ ഗോരഖ്നാഥ് മഠത്തിലെ പ്രധാന പുരോഹിതനായ അദ്ദേഹം ഗോരഖ്പൂര്‍ മണ്ഡലത്തെ അഞ്ച് തവണ ലോക്സഭയില്‍ പ്രതിനിധീകരിച്ചു. 2002ല്‍ രാജ്നാഥ് സിങ് മത്സരിച്ചശഷം ഇതാദ്യമായാണ് ഒരു സിറ്റിങ് മുഖ്യമന്ത്രി യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

അയോധ്യ നിയമസഭാ മണ്ഡലം 1991 മുതല്‍ മിക്കവാറും ബിജെപിക്കൊപ്പമാണ്. 2012 വരെ ലല്ലു സിങ് (ഇപ്പോഴത്തെ ഫൈസാബാദ് എംപി) വിജയിച്ച മണ്ഡലത്തില്‍ ആ തവണ സമാജ്‌വാദി പാര്‍ട്ടി പിടിച്ചെടുത്തിയിരുന്നു. 2017-ല്‍ ബിജെപിയുടെ വേദ് പ്രകാശ് ഗുപ്ത മണ്ഡലം തിരിച്ചുപിടിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് അറിയിച്ചിരിക്കുന്നത്. മത്സരിക്കുന്നില്ലെന്ന് ബിഎസ്പി തങ്ങളുടെ അധ്യക്ഷ മായാവതിയും തിങ്കളാഴ്ച പഖ്യാപിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Yogi adityanath up election ayodhya