ലക്‌നൗ: അധികാരത്തിലേറി മാസങ്ങൾ തികയുന്നതിനു പിന്നാലെ ഭരണ തലത്തിൽ വൻ അഴിച്ചു പണികളാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാർ ഉത്തർപ്രദേശിൽ വരുത്തുന്നത്. ഇന്നലെ 38 ജില്ലാ മജിസ്ട്രേറ്റുമാർ ഉൾപ്പെടെ 84 ഐഎഎസ് ഓഫിസർമാരെയും 54 ഐപിഎസ് ഓഫിസർമാരെയും സ്ഥലംമാറ്റി. ലക്‌നൗവിലെ ജില്ലാ മജിസ്ട്രേറ്റായ ജി.എസ്.പ്രിയദർശിയെ മുസാഫർനഗറിലേക്കും കാൻപൂരിലെ ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമയ ലക്‌നൗവിലേക്കും സ്ഥലം മാറ്റി.

റൂറൽ ഡവലപ്മെന്റിന്റെ പുതിയ കമ്മിഷണറായി നീനശർമയെ നിയമിച്ചു. ധീരജ് സാഹുവിനെ എക്സൈസ് കമ്മിഷണറായും സുരേശ് കുമാർ സിങ്ങിനെ ഉത്തർപ്രദേശ് റൂറൽ റോഡ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായും നിയമിച്ചു.

യുപിയിൽ അധികാരമേറ്റതിനു തൊട്ടടുത്ത ദിവസം 18-20 മണിക്കൂർ ജോലി ചെയ്യാൻ തയാറല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് രാജിവയ്ക്കാമെന്ന യോഗി ആദിത്യനാഥ് പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെ മഹാരഥൻമാരുടെ ജന്മദിനങ്ങൾ അടക്കമുള്ള പൊതു അവധി ദിനങ്ങൾ റദ്ദാക്കി. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടി ബ്ലോക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം സ്ഥാപിക്കാനും യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ