/indian-express-malayalam/media/media_files/uploads/2018/12/subodh-new.jpg)
ലക്‌നൗ: ബുലന്ദ്ഷഹറില്‍ പശുക്കശാപ്പ് ആരോപിച്ച് ബജ്റംഗ്‌ദളിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൗനം വിടാതെ യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം രാത്രി സുരക്ഷ സംബന്ധിച്ച് വിലയിരുത്താന്‍ അദ്ദേഹം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊലപാതകത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. അതേസമയം പശുകശാപ്പിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് അദ്ദേഹം യോഗത്തില്‍ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ കുടുംബത്തെ ഇന്ന് അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. 'പശുകശാപ്പ് നടത്തിയവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണം' എന്നാണ് പ്രസ്താവനയില്‍ യോഗി പറഞ്ഞതായി പറയുന്നത്. പശുകശാപ്പ് നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കശാപ്പ് കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ നടപടി എടുക്കണമെന്നും ആദിത്യനാഥ് ഉത്തരവിട്ടു.
തിങ്കളാഴ്ച വൈകിട്ടാണ് സുബോധിനെ ജനക്കൂട്ടം കല്ലെറിഞ്ഞും വെടിവച്ചും കൊലപ്പെടുത്തിയത്. വനത്തിനടുത്ത് പശുവിനെ കൊന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം നടന്നിരുന്നു. ഇവിടെ സമാധാനം പുനഃസ്ഥാപിക്കാനായിരുന്നു സുബോധും സംഘവും പോയത്. എന്നാല്‍ അക്രമികള്‍ ഇദ്ദേഹത്തെയും മറ്റൊരു യുവാവിനേയും വകവരുത്തുകയായിരുന്നു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് ഡിജിപി വ്യക്തമാക്കിയത്.
ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകനായ യോഗേഷ് രാജാണ് കേസിലെ പ്രധാന പ്രതി. ഇയാളാണ് പശുവിനെ കൊന്നെന്ന് പറഞ്ഞ് പരാതി നല്‍കിയത്. ഈ പരാതിയില്‍ 11ഉം 12ഉം വയസ്സ് മാത്രം പ്രായമുളള കുട്ടികളേയും പ്രതി ചേര്‍ത്തിട്ടുണ്ട്. മറ്റ് നാല് പേരുകളും വ്യാജമാണ്. ഇന്നലെ വൈകിട്ട് ഈ കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ച് വച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.