/indian-express-malayalam/media/media_files/uploads/2021/09/Yogi-Aditynath.jpg)
യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: 1921ലെ മാപ്പിള കലാപം ജിഹാദി വിഭാഗങ്ങള്‍ നടത്തിയ ആസൂത്രിത ഹിന്ദു വംശഹത്യയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാപ്പിള കലാപത്തെക്കുറിച്ച് ആര്‍എസ്എസ് അനുകൂല പ്രസിദ്ധീകരണമായ 'പാഞ്ചജന്യ' സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഇത് ആഴത്തിലുള്ള ചിന്തയ്ക്കും ചര്‍ച്ചയ്ക്കുമുള്ള അവസരമാണ്. ജിഹാദി ചിന്തകളില്‍നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും എങ്ങനെ മോചിപ്പിക്കാമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മലബാര്‍ വംശഹത്യ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇതിനായി എല്ലാ ഇന്ത്യക്കാരും നിശ്ചയദാർഢ്യത്തോടെ ഒത്തുചേരേണ്ടതുണ്ട്,'' യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ ഇന്ത്യ ഓര്‍ക്കുന്നുവെന്ന് പറഞ്ഞ യോഗി ആദിത്യനാഥ്, നമ്മുടെ ചരിത്രം ശരിയായ കാഴ്ചപ്പാടില്‍ മനസിലാക്കേണ്ടത് ഈ സമയത്ത് പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. സ്വന്തം ചരിത്രം അറിയാത്ത ഒരു രാഷ്ട്രത്തിന് അതിന്റെ ഭൂമിശാസ്ത്രം സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
''100 വര്‍ഷം മുമ്പ്, മാപ്പിള ലഹളയില്‍ ജിഹാദി വിഭാഗങ്ങള്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ഈ വംശഹത്യ നിരവധി ദിവസം ആസൂത്രിതമായി തുടര്‍ന്നു. ഒരു കണക്കനുസരിച്ച്, പതിനായിരത്തിലധികം ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടു. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും ആക്രമിക്കപ്പെട്ടു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു,'' യോഗി ആദിത്യനാഥ് പറഞ്ഞു.
Also Read: യുഎന്നിൽ പാകിസ്താനെ കടന്നാക്രമിച്ച യുവ നയതന്ത്ര പ്രതിനിധി; അറിയാം സ്നേഹ ദുബെയെ
ഈ 'വലിയ വംശഹത്യ' മറയ്ക്കാന്‍ നിരവധി പേരുകള്‍ സൃഷ്ടിച്ചുവെന്നു പറഞ്ഞ അദ്ദേഹം, ഹിന്ദുക്കള്‍ മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണോ ഇത് ചെയ്തതെന്നും ചോദിച്ചു.
''ചിലര്‍ അതിനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയം കാരണമുള്ള മുസ്ലിം സമുദായത്തിന്റെ രോഷമെന്നു വിളിച്ചു. ചിലര്‍ അതിനെ മാപ്പിള കലാപമെന്ന് വിളിച്ചു. അവിടത്തെ ഭൂവുടമകള്‍ മുസ്ലിങ്ങളെ ചൂഷണം ചെയ്തുവെന്ന് ഈ ആളുകള്‍ പറയുന്നു. ഇത് ഭൂവുടമകളെക്കുറിച്ച് മാത്രണെങ്കില്‍, എന്തുകൊണ്ടാണ് ഇത്രയധികം സാധാരണ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടത്? അവര്‍ മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണെന്നതാണോ സത്യം? ഇടതുപക്ഷ കാഴ്ചപ്പാടില്‍നിന്നു ചരിത്രം എഴുതിയവരും കപട മതേതരത്വവും എപ്പോഴും പ്രീണന നയത്തെ പിന്തുണയ്ക്കുന്നവരാണെന്നതാണ് സത്യം. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികള്‍ ഈ ശ്രമത്തെ പിന്തുണച്ചു,'' ആദിത്യനാഥ് പറഞ്ഞു.
മലബാര്‍ വംശഹത്യയെക്കുറിച്ചുള്ള സത്യം ആദ്യം കൊണ്ടുവന്നത് വീരസവര്‍ക്കര്‍ ആണെന്നു പറഞ്ഞ യോഗി ആദിത്യനാഥ്, അക്കാര്യം അദ്ദേഹം 1924 ല്‍ ഒരു പുസ്തകത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. മലബാറിലെ മാപ്പിളമാര്‍ ഹിന്ദുക്കളോട് കാണിച്ച ക്രൂരതകള്‍ ഭീംറാവു അംബേദ്കര്‍ തന്റെ 'പാകിസ്താനും ഇന്ത്യാ വിഭജനവും' എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. ഹിന്ദുക്കളോടുള്ള അതിക്രമങ്ങളെക്കുറിച്ച് ആനി ബെസന്റും തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും ആദിത്യനാഥ് അറിയിച്ചു.
''ആദിശങ്കരന്റെ മണ്ണില്‍ ഹിന്ദുക്കളെ സംരക്ഷിക്കാന്‍, ഗുരു ഗോരക്ഷനാഥന്റെ അനുയായികള്‍ വന്നിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖകള്‍ വര്‍ഗീയവാദികളായ മാപ്പിളമാരെ ശക്തമായി പ്രതിരോധിച്ചു. ഗുരു ഗോരക്ഷനാഥില്‍ വിശ്വസിച്ചിരുന്ന ഗൂര്‍ഖകളുടെ ഭാഗത്തുനിന്നുള്ള വലിയ അനുഗ്രഹമായിരുന്നു ഇത്,''ആദിത്യനാഥ് പറഞ്ഞു.
Also Read: യുഗാന്ത്യം:സ്ത്രീ അവകാശപോരാട്ടങ്ങളുടെ മുന്നണി പോരാളി കമലാ ഭസീൻ ഇനി ഓർമ്മ
ബ്രിട്ടീഷുകാര്‍ക്കും അവര്‍ക്കൊപ്പം നിന്ന ഹിന്ദു ഭൂവുടമകള്‍ക്കുമെതിരായ കര്‍ഷക പ്രക്ഷോഭമായാണ് ചരിത്രകാരന്മാര്‍ മാപ്പിള കലാപത്തെ വിശേഷിപ്പിച്ചത്. മാപ്പിള കലാപത്തില്‍ സജീവമായി പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളായി 1971 -ല്‍ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിതുന്നു.
എന്നാല്‍, മാപ്പിള കലാപം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള വംശഹത്യയായിരുന്നുവെന്ന സ്വന്തം ഭാഷ്യം സ്ഥാപിക്കാനായി ആര്‍എസ്എസ് സജീവ പ്രചാരണമാണു നടത്തുന്നത്. മാപ്പിളകലാപത്തിന്റെ സ്മരണയ്ക്കായി 'വംശഹത്യ സ്മാരകം' വേണമെന്ന് ആര്‍എസ്എസ് ബൗദ്ധികവിഭാഗമയ പ്രജ്ഞ്യ പ്രവാഹ് ആവശ്യപ്പെട്ടിട്ടുണ്ട്. '1921 ലെ മലബാര്‍ ഹിന്ദു വംശഹത്യയുടെ 100 വര്‍ഷം' എന്ന വിഷയത്തില്‍ രാജീവ് ചൗക്കില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
മാപ്പിള കലാപവുമായി ബന്ധപ്പെട്ട 387 പേരുകള്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) രൂപീകരിച്ച കമ്മിറ്റി പരിഗണിക്കുന്നതായി റപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us