/indian-express-malayalam/media/media_files/uploads/2023/06/Yogi-Adityanath.jpg)
എക്സ്പ്രസ് ഫൊട്ടോ
ലക്‌നൗ: വോട്ടർമാരെ ലക്ഷ്യമിട്ട് ബിജെപിയുടെ ഉത്തർപ്രദേശ് ഘടകം സംഘടിപ്പിച്ച ആദ്യത്തെ ‘ടിഫിൻ പർ ചർച്ച’ പരിപാടിയായ മഹാസമ്പർക്ക് അഭിയാന് തുടക്കമായി. മറ്റ് ജാതി, നാടുവാഴി പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പാർട്ടിക്ക് പുതിയൊരു ഐഡന്റിറ്റി രൂപീകരിക്കാൻ സഹായിക്കണമെന്ന് ഞായറാഴ്ച ഗോരഖ്പൂരിൽ സംസാരിക്കവേ ബിജെപി പ്രവർത്തകരോടും നേതാക്കളോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇതൊരു ക്ലബ് പാർട്ടി അല്ലെങ്കിൽ ഒരാൾ മാത്രം നയിക്കുന്ന പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
''രാജകീയവും ജാതീയവുമായ ചിന്താഗതിയുള്ള മറ്റ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്‌തമായി ബിജെപി സ്വയം പുതിയൊരു ഐഡന്റിറ്റി സൃഷ്ടിക്കേണ്ടതുണ്ട്. ബിജെപി ഒരു ക്ലബ്ബ് പാർട്ടിയല്ല, ഒരു രാജവംശ പാർട്ടിയല്ല, ജാതിമത പാർട്ടിയല്ല, അതൊരു വ്യക്തി നടത്തുന്നതല്ല എന്ന തിരിച്ചറിവാണ് സൃഷ്ടിക്കേണ്ടത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും പാർട്ടിയാണ് ബിജെപി,'' ഗോരഖ്പൂർ അർബൻ അസംബ്ലി സീറ്റിൽ നടന്ന പരിപാടിയിൽ 328 മുതിർന്ന പാർട്ടി പ്രവർത്തകരും നേതാക്കളും അടങ്ങുന്ന സംഘത്തോട് യോഗി ആദിത്യനാഥ് പറഞ്ഞു.
"ടിഫിൻ പർ ചർച്ച" സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും നടക്കും. ഇതിൽ ആദ്യത്തേത് ശനിയാഴ്ച ആഗ്രയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ അഭിസംബോധന ചെയ്യാനിരുന്ന ആഗ്ര പരിപാടി പാർട്ടി റദ്ദാക്കി.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പ്രശസ്തമായ 'ചായ് പേ ചർച്ച'യിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ടിഫിൻ പർ ചർച്ച'യ്ക്കും തുടക്കമിട്ടത്. ബിജെപി നേതാക്കളോടും പ്രവർത്തകരോടും ടിഫിൻ ബോക്സിൽ സ്വന്തം ഭക്ഷണം കൊണ്ടുവരാനും ഉച്ചഭക്ഷണ സമയത്ത് പാർട്ടി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാനുമാണ് 'ടിഫിൻ പർ ചർച്ച'യിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്ത മറ്റ് നേതാക്കളും ടിഫിൻ ബോക്‌സിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതാണ് കണ്ടത്.
പ്രധാനമന്ത്രി മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിജെപി ഇന്ന് പുതിയ ഉയരങ്ങൾ തൊടുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി അറിയപ്പെടുന്നുവെന്നും മോദിയെ പ്രശംസിച്ചുകൊണ്ട് ചടങ്ങിൽ ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും വേണ്ടി ബിജെപി അർപ്പണബോധമുള്ളവരാണെന്നും പാർട്ടി രാജ്യത്തെ മഹത് വ്യക്തികളെ ആദരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അതിർത്തികൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ പ്രദേശത്ത് കടന്ന് ഭൂമി കൈവശപ്പെടുത്താൻ ആർക്കും ധൈര്യമില്ലെന്നും മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണത്തെ പ്രശംസിച്ചുകൊണ്ട് ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിന്റെ ആത്മാഭിമാനവും ആദരവും സംരക്ഷിക്കാൻ പഠിച്ചുവെന്ന് ലോകം മുഴുവൻ മനസിലാക്കിയെന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ ബിജെപി സർക്കാരാണ് അധികാരത്തിലുള്ളത്. നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുടെ സഹകരണത്തോടെയാണ് ഭരണം നടക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു.
ഗോരഖ്പൂരിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ പെട്ടെന്ന് നടപ്പിലാക്കി. മഹാമ്പർക്ക് അഭിയാൻ കാലത്തെ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. മോദി സർക്കാർ കേന്ദ്രത്തിൽ ഒമ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ബിജെപി ഒരു മാസം നീണ്ടുനിൽക്കുന്ന മഹാസമ്പർക്ക് അഭിയാൻ സംഘടിപ്പിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.