/indian-express-malayalam/media/media_files/uploads/2017/03/yogi-7595.jpg)
ഹൈദരാബാദ്: ഭരണത്തിലെത്തിയ ശേഷം സ്ഥലങ്ങളുടെ പേര് മാറ്റം സ്ഥിരമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തവണ ഹൈദരാബാദിന്റെ പേരാണ് ആദിത്യനാഥ് മാറ്റുമെന്ന് പറയുന്നത്. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ആദിത്യനാഥ്.
തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ഹൈദരാബാദിന്റെ പേര് മാറ്റും എന്നാണ് വാഗ്‌ദാനം. 'ഭാഗ്യനഗര്‍' എന്നാണ് ഹൈദരാബാദിന് ആദിത്യനാഥ് കണ്ടെത്തിയിരിക്കുന്ന പുതിയ പേര്. ഗോഷമഹല്‍ മണ്ഡലത്തില്‍ എംഎല്‍എ രാജ സിങ്ങിനൊപ്പം തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു യോഗി.
'ഹൈദരാബാദ് ഭാഗ്യനഗറായി മാറുന്നത് കാണണമെങ്കില്‍ നിങ്ങള്‍ ബിജെപിക്ക് ഒരു അവസരം നല്‍കണം. മറ്റ് പാര്‍ട്ടികള്‍ വോട്ട് ബാങ്കുകളില്‍ ശ്രദ്ധിക്കുമ്പോള്‍, നാടിന്റെ ഭരണത്തിലും വികസനത്തിലും ശ്രദ്ധ ചെലുത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം രാജാ സിങ് നിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ഉയര്‍ത്തിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കാനുള്ള സമയമാണ്,' ആദിത്യനാഥ് പറഞ്ഞു.
മുമ്പ് ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് 'ശ്രീ അയോധ്യ' എന്നാക്കി മാറ്റിയിരുന്നു. അലഹാബാദിനെ പ്രയാഗ് രാജ് എന്നു മാറ്റിയതിന്റെ പിന്നാലെയായിരുന്നു ഈ മാറ്റം. രാമന്റെ പേരില്‍ അയോധ്യയില്‍ വിമാനത്താവളം നിർമ്മിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.