ലക്‌നൗ: നാല് വർഷങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട 131 കേസുകൾ കൂടി പിൻവലിക്കാനുളള നടപടികൾ യോഗി ആദിത്യനാഥ് സർക്കാർ ആരംഭിച്ചു. 13 കൊലപാതകവും 11 കൊലപാതക ശ്രമങ്ങളും സംബന്ധിച്ച കേസുകളാണ് പിൻവലിക്കുന്നത്.
അതിക്രൂരമായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് പിൻവലിക്കപ്പെടുന്നതെന്ന് രേഖകൾ പരിശോധിച്ച ഇന്ത്യൻ എക്സ്‌പ്രസ് സംഘത്തിന് വ്യക്തമായി. ഇതിൽ 16 കേസുകൾ മതപരമായ ശത്രുത വർദ്ധിപ്പിച്ചതിനും രണ്ട് കേസുകൾ മതവിശ്വാസത്തെ മനഃപൂർവ്വം അവഹേളിക്കാൻ ലക്ഷ്യമിട്ടുമുളളതാണ്.
62 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ വീട് വിട്ട് ദൂരസ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തതാണ് മുസാഫർ നഗർ കലാപം. അക്രമത്തിന് പിന്നാലെ 1455 പേർക്കെതിരെ 503 കേസുകളാണ് അന്നത്തെ സമാജ്‌വാദി പാർട്ടി സർക്കാർ റജിസ്റ്റർ ചെയ്തിരുന്നത്.
മുസാഫർ നഗറിലെയും ഷാംലിയിലെയും ഖാപ് പഞ്ചായത്ത് നേതാക്കൾ ബിജെപി എംപി സഞ്ജീവ് ബല്യാൻ, എംഎൽഎ ഉമേഷ് മാലിക് എന്നിവർക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച ശേഷമാണ് കേസുകൾ പിൻവലിക്കാനുളള നടപടികൾ എടുത്തത്. പിൻവലിക്കുന്ന കേസുകളിൽ പ്രതിസ്ഥാനത്തുളളവരെല്ലാം ഹിന്ദുക്കളാണെന്ന് എംപി സഞ്ജീവ് ബല്യാൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
“മുഖ്യമന്ത്രിയുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ 850 ഓളം ഹിന്ദുക്കൾ പ്രതികളായ 179 കേസുകൾ പിൻവലിക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. എല്ലാ കേസുകളും മുസാഫർ നഗറിലും ഷാംലിയിലും റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്” സഞ്ജീവ് ബല്യാൻ പറഞ്ഞു.
പിൻവലിക്കുന്ന കേസുകളിൽ കൊലപാതക കേസുകളില്ലെന്ന് ബല്യാൻ പറഞ്ഞു. അതേസമയം കൊലപാതക കേസുകളും ഉണ്ടെന്ന് എംഎൽഎ ഉമേഷ് മാലിക് വ്യക്തമാക്കി. “ഞങ്ങൾ നൽകിയ പട്ടിക പരിശോധിച്ച ശേഷം അത് നിയമവകുപ്പിന് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം അത് കൈമാറി. ഇപ്പോഴത്തെ നിലയെന്താണെന്ന് അറിയില്ല,” മാലിക് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഉമേഷ് മാലികിനെതിരെ റജിസ്റ്റർ ചെയ്തിരുന്ന ഒൻപത് കേസുകൾ പിൻവലിക്കാൻ നേരത്തേ സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
കേസുകൾ പിൻവലിക്കുന്നതിനായി 13 കാരണങ്ങൾ ചോദിച്ച് നിയമവകുപ്പ് മുസാഫർ നഗർ, ഷാംലി ജില്ല കലക്ടർമാർക്ക് കത്തയച്ചു. ഇവർ ഇത് പൊലീസ് സൂപ്രണ്ടുമാർക്ക് കൈമാറിയിരിക്കുകയാണ്.