ലക്‌നൗ: ഉത്തർപ്രദേശിനെ കാവി പുതപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാവി നിറം പൂശിയ സർക്കാർ റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ 50 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമീണ മേഖലയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് സങ്കൽപ് സേവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ബസ് ഫ്ലാഗ് ഓഫിന് ഒരുക്കിയ ചടങ്ങിന്റെ വേദിയും ബസുകൾ അലങ്കരിച്ച ബലൂണുകളും കാവി നിറത്തിലുളളതായിരുന്നു.

നേരത്തെ തന്റെ കസേര വിരിയുടെ നിറവും കാർ സീറ്റിന്റെ കവറിന്റെ നിറവും കാവിയാക്കി മാറ്റിയാണ് യുപിയെ കാവി പുതപ്പിക്കാനുളള നീക്കത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ടത്. ഇതിനുപിന്നാലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രമുളള സ്കൂൾ ബാഗുകൾ മാറ്റി പകരം കാവി നിറമുളള ബാഗുകളാക്കി മാറ്റി. മാത്രമല്ല സ്പോർട്സ് താരങ്ങൾക്ക് നൽകിയ അവാർഡ് സർട്ടിഫിക്കറ്റുകളും കാവി നിറമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കുന്ന ലക്ഷ്മണ്‍, റാണി ലക്ഷ്മി ഭായ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തിനാണ് കാവി നിറം നൽകിയത്.

സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തീകരിച്ചപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക്‌ലെറ്റിനും കാവി നിറമായിരുന്നു. എന്തിനു പറയുന്നു സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡികാര്‍ഡിന്റെ നീല സ്ട്രാപ്പു വരെ യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം കാവിയാക്കി മാറ്റിയിരുന്നു.

നേരത്തെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു പിന്നാലെ ഡൽഹിയിൽ നടപ്പാത വക്കിലെ വിരിക്കല്ലിന്റെ നിറം ഡൽഹി മുൻസിപ്പിൽ കൗൺസിൽ മാറ്റിയിരുന്നു. മഞ്ഞയും കറുപ്പും നിറത്തിലുളള വിരിക്കല്ലുകളിൽ പച്ചയും പിങ്കും നിറം അടിക്കുകയായിരുന്നു. ഇതു വൻ പ്രതിഷേധത്തിനിടയാക്കി.

ബിജെപിയുടെ കൊടിയെ അനുസ്മരിപ്പിക്കും വിധമാണ് ഇതെന്ന് ആരോപണമുയർന്നു. പ്രതിഷേധം ശക്തമായതോടെ വിരിക്കല്ലുകൾക്ക് പഴയപോലെ മഞ്ഞയും കറുപ്പും നിറം നൽകുകയായിരുന്നു. അതേസമയം, ഡൽഹി ട്രാഫിക് പൊലീസ് ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് പഴയ രീതിയിലേക്ക് നിറം മാറ്റിയതെന്നായിരുന്നു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. പച്ചയും പിങ്കും നിറം ജനങ്ങളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്നില്ലെന്നും ഇതു കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നിറം മാറ്റാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ