ലക്‌നൗ: പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സുരക്ഷ യോഗി ആദിത്യനാഥ് സർക്കാർ വെട്ടിച്ചുരുക്കിയതായി റിപ്പോർട്ട്. സമാജ്‌വാദി പാർട്ടി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, ശിവ്പാൽ യാദവ്, അസം ഖാൻ, ഡിംപിൾ യാദവ്, റാം ഗോപാൽ യാദവ്, ബിഎസ്‌പി മേധാവി മായാവതി എന്നിവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, ബിജെപി നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്. ബിജെപി നേതാവായ വിനയ് കത്ത്യാറിനു ഇസഡ് ഡിഗ്രി കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. തീവ്രവാദ ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ കുറയ്ക്കാനുളള തീരുമാനം ഇന്നലെ വൈകി കൈകൊണ്ടതായാണ് സൂചന. യുപി പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തര വകുപ്പ്), എഡിജി ഇന്റലിജൻസ്, എഡിജി സെക്യൂരിറ്റി, പുതിയ ഡിജിപിയായി ചുമതലയേറ്റ സുൽഖാൻ സിങ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ തീരുമാനം നടപ്പിലാക്കിയേക്കും.

നേരത്തെ 46 വിഐപികളുടെ സുരക്ഷ ആദിത്യനാഥ് സർക്കാർ വെട്ടിക്കുറച്ചിരുന്നു. 105 പേരുടെ സുരക്ഷ പൂർണമായും എടുത്തുമാറ്റുകയും ചെയ്തു. ബിഎസ്‌പി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് ചന്ദ്ര മിശ്രയും ഇക്കൂട്ടത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook