ലക്‌നോ: ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണങ്ങള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. സ്വകാര്യ മെഡിക്കല്‍, ദന്തല്‍ കോളേജ് പ്രവേശത്തിന് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണമാണ് റദ്ദ് ചെയ്തത്.

പി.ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം എടുത്ത കളയുന്നതായുള്ള ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ആര്‍എസ്എസിന്റെ സംവരണ വിരുദ്ധനയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 2006 ല്‍ മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി സര്‍ക്കാരാണ് സംവരണം ഏര്‍പ്പെടുത്തിയത്.

സംവരണം നീക്കാന്‍ ആര്‍എസ്എസ് നേരത്തേ മുറവിളി കൂട്ടിയിരുന്നു.
നേരത്തേ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം അഭിനന്ദിച്ചിരുന്നു.

ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്‍റെ ഈ തീരുമാനം ” സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസം നല്‍കും” എന്നും “ശരിയായ ദിശയിലേക്കുള്ള കാല്‍വയ്പ്പ്‌ ” എന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പിന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ വക തട്ട് കിട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ