ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. ബലുര്‍ഘട്ട്, റായ്ഗുഞ്ജ് എന്നിവിടങ്ങളില്‍ ഇന്ന് നടക്കാനിരുന്ന റാലിയ്ക്കാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

‘ആദിത്യനാഥിന്റെ ജനപ്രീതിയുടെ ഫലമാണിത്. അതുകൊണ്ടാണ് അവിടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ പോലും മമത ബാനര്‍ജി ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്,’ ആദിത്യനാഥിന്റെ ഇന്‍ഫര്‍മേഷന്‍ അഡൈ്വസര്‍ മൃത്യുഞ്ജയ് പറയുന്നു.

വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി എട്ടിന് സംസ്ഥാനത്ത് സംഘടിപ്പിക്കാനിരിക്കുന്ന 200 പൊതു യോഗങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു റാലികള്‍. ആദിത്യനാഥിനു പുറമെ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ എന്നിവരും റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ദുര്‍ഗാപൂര്‍, താകൂര്‍നഗര്‍ എന്നിവിടങ്ങളില്‍ രണ്ടു റാലികള്‍ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് സഭാ തിരഞ്ഞെടുപ്പിനായി ബംഗാളിലെ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ടു.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനാധിപത്യത്തെ ചവിട്ടിയരയ്ക്കുകയാണെന്ന് മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്, സംസ്ഥാനത്തെ വികസന പദ്ധതികളില്‍ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ലെന്നും മോദി ആരോപിച്ചു.

മോദി സര്‍ക്കാരിനെതിരായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 20 നേതാക്കളുമായി ചേര്‍ന്ന് മമത ബാനര്‍ജി നടത്തിയ പ്രതിപക്ഷ റാലിക്കെതിരെ മോദി പരിഹാസമുന്നയിച്ചു.

‘സ്റ്റേജ് ബ്രിഗേഡില്‍ ഉണ്ടായിരുന്ന ആളുകളാരും നാല് വര്‍ഷം മുമ്പ് പരസ്പരം മുഖത്തോട് മുഖം നോക്കുക പോലും ചെയ്യില്ലായിരുന്നു. ഇന്നവര്‍ പരസ്പരം ആലിംഗനം ചെയ്യുന്നു. ഇന്ന് അവര്‍ക്ക് ഈ കാവല്‍ക്കാരനെ പേടിയാണ്,’ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook