ആള്‍വാര്‍: തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഹനുമാന്റെ ജാതി പറഞ്ഞ് ദലിത് വോട്ട് പിടിക്കാനുളള ശ്രമങ്ങളുമായി ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ഹനുമാന്‍ ‘ആദിവാസി ദലിതന്‍’ ആണെന്നും അതുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പാടുളളൂവെന്നും അദ്ദേഹം ആള്‍വാറില്‍ പറഞ്ഞു. രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയുളളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു. അദ്ദേഹം വനത്തിലായിരുന്നു ഒറ്റപ്പെട്ട് താമസിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാ സമുദായക്കാരേയും ഒന്നിച്ച് നിര്‍ത്താന്‍ ഹനുമാന്‍ പ്രയത്നിച്ചു. ശ്രീരാമന്റെ ആഗ്രഹമായിരുന്നു ഇതെന്നത് കൊണ്ട് അദ്ദേഹത്തിന് അതില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഈ ആഗ്രഹം നടപ്പിലാക്കും വരെ നമ്മള്‍ വിശ്രമിക്കാന്‍ പാടില്ല,’ ആദിത്യനാഥ് പറഞ്ഞു.

മതഭക്തിയുടെ പേരില്‍ കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്താനും അദ്ദേഹം മറന്നില്ല. രാമഭക്തന്മാര്‍ എല്ലാവരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമ്പോള്‍ രാവണ ഭക്തന്മാര്‍ മാത്രമാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ ഇത് ആദ്യമായല്ല ആദിത്യനാഥ് വോട്ട് തേടുന്നതും പ്രചാരണം നടത്തുന്നതും. ശ്രീരാമനെയാണ് അദ്ദേഹം മിക്കപ്പോഴും ഇതിനായി വലിച്ചിഴക്കാറുളളത്. ഹിന്ദുത്വത്തിന്റെ കാവലാളായാണ് ആദിത്യനാഥിനെ പാര്‍ട്ടി അവതരിപ്പിക്കുന്നത്. അതേസമയം, വികസനത്തിന്റെ മേല്‍നോട്ടക്കാരനായാണ് മോദി സ്വയം അവതരിപ്പിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook