ന്യൂഡൽഹി: ഉൾക്കൊളളൽ​ വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോടുളള പരിഹാസമാണ് യോഗി ആദിത്യനാഥിനെ യു പി മുഖമന്ത്രിയാക്കുന്നതിലൂടെ തെളിയുന്നതെന്ന് സി പി എം. ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ തീരുമാനത്തെ ശക്തമായി അപലപിച്ച സി പി എം പൊളിറ്റ് ബ്യൂറോ ആർ എസ് എസ് തങ്ങളുടെ ഇഷ്ടം രാഷ്ട്രീയ ആയുധമായ ബി ജെപി വഴി നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചു. വളരെ ബോധപൂർവമുളള ഈ തീരുമാനം സംസ്ഥാനത്തിന്റെ ഭാവിയെ കുറിച്ചുളള അശുഭ സൂചനയാണെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

“​ആദിത്യ അറിയപ്പെടുന്ന ഒരു ഹിന്ദു വർഗീയ വാദിയാണ്. വർഗീയ കലാപങ്ങൾക്ക് പ്രേരിപ്പിച്ചതിന് നിരവധി ക്രിമിനൽ കേസുകൾ ഇപ്പോഴും നിലവിലുളള വ്യക്തിയാണ്. തീവ്ര ജാതീയത പുലർത്തുന്ന കാഴ്ചപ്പാടുകളാണ് ആദിത്യയുടേത്. യോഗി ആദിത്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാം പ്രധാനമന്ത്രി നരേന്ദ്രമോദി അടിക്കടി ആവർത്തിക്കുന്ന വികസന അജണ്ടയുടെ പൊളളത്തരം വെളിവാക്കുന്നതാണ്. ഇത് അദ്ദേഹത്തിന്റെ തന്നെ “സബ്കാ സാത്ത്, സബ്കാ വികാസ് “എന്ന മുദ്രാവാക്യത്തോടുളള പരിഹാസമാണെന്നും. പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

ഈ സാഹചരത്തിൽ ഉത്തർപ്രദേശിലെ സാമുദായിക സൗഹാർദ്ദം നിലനിർത്താനും എല്ലാ വിഭാഗം ജനങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ ജനാധിപത്യ, മതേതര ശക്തികൾ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു.

ഗോരഖ് പൂർ എം പിയായ ആദിത്യനാഥും 23 ക്യാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച ലക്‌നൗലെ സ്മൃതി ഉപവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു. യു പിയുടെ ഇരുപത്തിയൊന്നാമത് മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഇദ്ദേഹത്തിനൊപ്പം കേശവപ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, എന്നിവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook