ആഗ്ര: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹൽ സന്ദർശിക്കും. താജ്മഹലിനെകുറിച്ച് ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകൾ വൻവിവാദമായ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ സന്ദർശനം. അതേസമയം, യോഗിയുടെ സന്ദർശനത്തെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നു. വിവാദങ്ങൾ തിരിച്ചടിയാകുമോ എന്ന് ഭയന്ന് ഒരു ഫോട്ടോ എടുക്കാൻ മാത്രമാണ് യോഗി താജ്മഹലിലേക്ക് പോകുന്നതെന്ന് അഖിലേഷ് പ്രതികരിച്ചു.

താജ്മഹൽ സന്ദർശിക്കാൻ എത്തുന്ന യോഗി ആദിത്യനാഥ് ഷാജഹാൻ ചക്രവർത്തിയുടെയും മുംതാസിന്‍റെയും ശവകുടീരങ്ങളിൽ അരമണിക്കൂറോളം ചെലവഴിക്കും. താജ്മഹൽ സന്ദർശിക്കുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികൾ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദർശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം യുപി സർക്കാർ പുറത്തിറക്കിയ ലഘുലേഖയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ താജ്മഹലിന്‍റെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സംസ്കാരത്തിനാകെ അപമാനമാണ് താജ്മഹൽ എന്ന് ബിജെപി എംഎൽഎ സംഗീത് സോം പ്രസ്താവന നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ