പത്തനംതിട്ട: ശബരിമലയിലും അയോധ്യയിലും ഹിന്ദുക്കളെ അപമാനിയ്ക്കാൻ ശ്രമം നടക്കുന്നതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി യോഗത്തിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ എത്തിയതായിരുന്നു അദ്ദേഹം. ശബരിമലയും അയോധ്യ പോലെ തന്നെ പ്രധാനമാണെന്ന് പറഞ്ഞ അദ്ദേഹം അയോധ്യ മാതൃകയിൽ ശബരിമല പ്രശ്നത്തിലും പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടു.

ശബരിമല കേസിലെ വിധി വിശ്വാസികള്‍ക്ക് എതിരാണെന്നും യോഗി പറഞ്ഞു. അയോധ്യയിൽ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ്. അയ്യപ്പ​​​ന്റെ ജന്മഭൂമിയിൽ എത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കുംഭ മേളയുടെ തിരക്ക് കാരണമാണ് എത്താന്‍ കഴിയാതിരുന്നതെന്നും കൂട്ടിച്ചേർത്തു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തിയത്. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി പങ്കെടുക്കുക. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ചുമതലക്കാരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥ് ആദ്യം പങ്കെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബൂത്ത് തല ഭാരവാഹികളുടെ യോഗത്തിലും യോഗി പങ്കെടുക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook