ന്യൂഡൽഹി: അയോധ്യ ക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്ന ആവശ്യവുമായി രാമജന്മഭൂമി ന്യാസ്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് രാമജന്മഭൂമി ന്യാസ് നിവേദനം നൽകി. അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നതിന് ട്രസ്റ്റ് രൂപീകരിക്കാൻ നിർണായക വിധിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഈ ട്രസ്റ്റിന്റെ അധ്യക്ഷനായി യോഗിയെ വേണമെന്ന ആവശ്യവുമായി ന്യാസ് തലവൻ നൃത്യ ഗോപൽ ദാസാണ് രംഗത്തെത്തിയത്.

ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് രാമജന്മഭൂമി ന്യാസിന്റെ വിശദീകരണം. യോഗിക്ക് പുറമെ മറ്റാരൊക്കെ ട്രസ്റ്റിൽ അംഗങ്ങളാകണമെന്ന കാര്യത്തിൽ തീരുമാനമായതായും നൃത്യാ ഗോപൽ ദാസ് അവകാശപ്പെട്ടു.

മുഖ്യമന്ത്രിയായിരിക്കെ തന്നെ യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മുഖ്യ തന്ത്രിയെന്ന നിലയിലും ഗോരക്ഷ പീഠത്തിന്റെ നേതാവും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും നൃത്യ ഗോപൽ ദാസ് പറഞ്ഞു. ക്ഷേത്ര നിർമാണ ട്രസ്റ്റിൽ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം നിർമിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. മൂന്ന് മാസത്തിനുള്ളിൽ കേന്ദ്രം ട്രസ്റ്റ് രൂപികരിച്ച് ക്ഷേത്രം നിർമിക്കുന്നതിന് കർമ പദ്ധതി തയാറാക്കണം. ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്കും അർഹമായ പ്രാതിനിധ്യം നൽകണം. മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധിയിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook