പനാജി: കോണ്‍ഗ്രസ് ഗോവ എംഎല്‍എ വിശ്വജിത് റാണ പാര്‍ട്ടി വിട്ടതിന് പിന്നാലെ മറ്റൊരു എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്നും പടിയിറങ്ങി. തന്റെ നേതാവായി രാഹുല്‍ ഗാന്ധിയെ കാണാനാവില്ലെന്ന് പറഞ്ഞ് സാവിയോ റോഡ്രിഗസ് ആണ് കോണ്‍ഗ്രസ് വിട്ടത്.

ഗോവയിലെ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നില്ലെന്നും ദിഗ്വിജയ് സിംഗാണ് തോല്‍വിയുടെ ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് എംഎൽഎയും ഗോവയിലെ മുതിർന്ന നേതാവുമായ വിശ്വജിത് റാണെ കഴിഞ്ഞദിവസം പാർട്ടിവിട്ടിരുന്നു. മനോഹർ പരീക്കർ സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്നതിനു തൊട്ടുമുന്പ് കോണ്‍ഗ്രസിനു വൻ തിരിച്ചടി സമ്മാനിച്ച് നിയമസഭയിൽനിന്നിറങ്ങിപ്പോയ ശേഷമാണ് റാണെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

ഗോവ ഉപതിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടിയിട്ടും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതിനെ തുടര്‍ന്നാണ് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്.

കഴിഞ്ഞദിവസം ഗോവ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മനോഹർ പരീക്കർ വിജയം നേടിയിരുന്നു. 40 അംഗ നിയമസഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് മനോഹർ പരീക്കർ ഭരണം ഉറപ്പിച്ചത്. കേവലഭൂരിപക്ഷത്തിന് 21 പേരുടെ പിന്തുണയാണ് വേണ്ടത്. ഗോവ നിയമസഭയിൽ 17 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 13 എംഎൽഎമാരാണുള്ളത്. മൂന്ന് എംഎൽഎമാർ വീതമുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണയും മൂന്നു സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ