ന്യൂഡല്‍ഹി: പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വില 84.94 ശതമാനം ഇടിഞ്ഞ് 5.55 രൂപയിലെത്തി. 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വില 84.94 ശതമാനമാണ് ഇടിഞ്ഞത്. 5.65 രൂപയാണ് ഇപ്പോഴത്തെ വില. ബിഎസ്ഇയില്‍ 7.07 കോടിയും എന്‍എസ്ഇയില്‍ 83.80 കോടിയും ഓഹരികളാണു യെസ് ബാങ്ക് വില്പനയ്ക്ക് വച്ചിട്ടുള്ളത്. അതേസമയം ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകുന്നതായും വിഷയത്തിൽ ആർബിഐയുമായി നിരന്തരം സമ്പർക്കം പുലർത്തുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.

സാമ്പത്തിക സ്ഥിതി അതീവ മോശായ സാഹചര്യത്തിലാണു യെസ് ബാങ്കില്‍ ഇന്നലെ വൈകീട്ട് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഒരു മാസത്തേക്കാണു മൊറട്ടോറിയം പ്രഖ്യാപിച്ചത്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പിന്‍വലിക്കല്‍ പരിധി 50,000 രൂപയായി കുറച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തിയത്.
മൊറട്ടോറിയം കാലയളവായ ഒരു മാസത്തിനുള്ളില്‍ ബാങ്കിന്റെ പുനഃസംഘാടനത്തിനോ സംയോജനമോ നടത്തുമെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ അടുത്ത ദിവസങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
സമീപകാല വര്‍ഷങ്ങളില്‍ ഗുരുതരമായ ഭരണപ്രശ്നങ്ങളും നടപടികളും ബാങ്കിലുണ്ടായിട്ടുണ്ടെന്നും ഇതു സാമ്പത്തിക സ്ഥിതി വഷളാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചത്. യെസ് ബാങ്കിന്റെ ബോര്‍ഡ് അടിയന്തിര പ്രാബല്യത്തോടെ അസാധുവാക്കിയ ആര്‍ബിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് ഫിനാ ന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിട്ടുണ്ട്.
No Yes Bank.
Modi and his ideas have destroyed India’s economy.
— Rahul Gandhi (@RahulGandhi) March 6, 2020
അതിനിടെ, യെസ് ബാങ്ക് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി എംപിയും പി. ചിദംബരവും രംഗത്തെത്തി. മോഡിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചിരിക്കുകയാണെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു. ”ആദ്യം പിഎംസി ബാങ്ക്, ഇപ്പോൾ യെസ് ബാങ്ക്, ഈ രീതിയിൽ അടുത്തത് ആരാണ്?” എന്ന ചോദ്യമാണു ചിദംബരം ഉയർത്തിയത്.