മുംബൈ: യെസ് ബാങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഏര്‍പ്പെടുത്തിയ ഒരു മാസത്തെ മൊറട്ടോറിയം രണ്ടാഴ്ചയ്ക്കുശേഷം പിന്‍വലിച്ചു. പ്രവര്‍ത്തനം പുനഃരാരംഭിച്ചതായും എല്ലാ ബാങ്കിങ് സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാണെന്നും യെസ് ബാങ്ക് അറിയിച്ചു.

”ഞങ്ങളുടെ മുഴുവന്‍ ബാങ്കിങ് സേവനങ്ങളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി,” യെസ് ബാങ്ക് ഇന്ന് വൈകീട്ട് ട്വീറ്റ് ചെയ്തു.

ധനസ്ഥിതി അനുദിനം വഷളായതിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് യെസ് ബാങ്കില്‍ ആര്‍ബിഐ മൊറോട്ടിയം ഏര്‍പ്പെടുത്തിയത്. 30 ദിവസത്തേക്ക് യെസ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിനെ അസാധുവാക്കിയ ആര്‍ബിഐ, പണം പിന്‍വലിക്കല്‍ പരിധി 50,000 രൂപയായി കുറയ്ക്കുകയും ചെയ്തിരുന്നു.

സേവനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചെയ്ത ട്വീറ്റില്‍ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും ആക്‌സസ് ചെയ്യാമെന്നും ബാങ്ക് അറിയിച്ചിരുന്നു. ”മാര്‍ച്ച് 18 മുതല്‍ വൈകീട്ട് ആറു മുതല്‍ ഞങ്ങള്‍ മുഴുവന്‍ ബാങ്കിങ് സേവനങ്ങളും പുനഃരാരംഭിക്കും. 19 മുതല്‍ 1,132 ബ്രാഞ്ചുകളില്‍ ഏതെങ്കിലും സന്ദര്‍ശിക്കുക, ഞങ്ങളുടെ സേവനങ്ങള്‍ അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഞങ്ങളുടെ എല്ലാ ഡിജിറ്റല്‍ സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും ആക്‌സസ് ചെയ്യാനും കഴിയും,”ബാങ്ക് ട്വീറ്റില്‍ അറിയിച്ചു.

യെസ് ബാങ്കില്‍ മൊറട്ടോറിയം വന്നെങ്കിലും നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നായിരുന്നു ആര്‍ബിഐ നല്‍കിയ ഉറപ്പ്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ആര്‍ബിഐയും വേഗത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്നുമാണു ഗവര്‍ണര്‍ വ്യക്തമാക്കിയത്. യെസ് ബാങ്കില്‍ പുതിയ ബോര്‍ഡ് നിലവില്‍ വരുമെന്നും മാര്‍ച്ച് 26 ന് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read Also: കോവിഡ്-19: തൃശൂരില്‍ നിന്നും മുങ്ങിയ കാര്‍ഷിക സര്‍വകലാശാല ജീവനക്കാരനെ കൊല്ലം കളക്ടര്‍ പിടികൂടി

16നു വൈകിട്ട് ആറു മുതല്‍ യെസ് ബാങ്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണനിലയിലെത്തുമെന്നു നിയുക്ത സിഇഒ പ്രശാന്ത് കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍, പിന്‍വലിക്കലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പണം യെസ് ബാങ്കിലേക്കു വന്നു. മൂന്നിലൊന്ന് ഉപഭോക്താക്കള്‍ മാത്രമാണ് അക്കൗണ്ടുകളില്‍നിന്ന് 50,000 രൂപ പിന്‍വലിച്ചത്.

പുനഃരുജ്ജീവന പദ്ധതി പ്രകാരം യെസ് ബാങ്കില്‍ എസ്ബിഐയും മറ്റു ചില സ്വകാര്യ ബാങ്കുകളും നിക്ഷേപം നടത്തി. അതേസമയം, 2019 ഡിസംബര്‍ വരെ ബാങ്കിനു 18,564.25 കോടി രൂപയുടെ ത്രൈമാസ നഷ്ടവും ഇന്നുവരെ 19,097.78 കോടി രൂപയുടെ നഷ്ടവുമാണുള്ളത്. ഈ കാലയളവില്‍ ബാങ്കിന്റെ നിക്ഷേപാടിത്തറ 137,506 കോടി രൂപയായി കുറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook