ന്യൂഡൽഹി: യെസ് ബാങ്ക് മേധാവി റാണാ കപൂറിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ്. ബാങ്ക് തകർച്ചയിലാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ബാങ്ക് മേധാവിയായ റാണാ രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. റാണയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തുകയാണ്. മുംബെെയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ റാണയ്ക്കെതിരെ എൻഫോഴ്സ്മെന്റ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാണയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്.
പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തിയത് വലിയ വാർത്തയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വില ഇന്നലെ 84.94 ശതമാനം ഇടിഞ്ഞ് 5.55 രൂപയിലെത്തി. 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.
Read Also: കൊവിഡ് 19: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവെെത്ത്
സാമ്പത്തിക സ്ഥിതി അതീവ മോശായ സാഹചര്യത്തിലാണു യെസ് ബാങ്കില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഒരു മാസത്തേക്കാണു മൊറട്ടോറിയം പ്രഖ്യാപിച്ചത്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പിന്‍വലിക്കല്‍ പരിധി 50,000 രൂപയായി കുറച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തിയത്.
മൊറട്ടോറിയം കാലയളവായ ഒരു മാസത്തിനുള്ളില്‍ ബാങ്കിന്റെ പുനഃസംഘാടനത്തിനോ സംയോജനമോ നടത്തുമെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ അടുത്ത ദിവസങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
സമീപകാല വര്‍ഷങ്ങളില്‍ ഗുരുതരമായ ഭരണപ്രശ്നങ്ങളും നടപടികളും ബാങ്കിലുണ്ടായിട്ടുണ്ടെന്നും ഇതു സാമ്പത്തിക സ്ഥിതി വഷളാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചത്. യെസ് ബാങ്കിന്റെ ബോര്‍ഡ് അടിയന്തിര പ്രാബല്യത്തോടെ അസാധുവാക്കിയ ആര്‍ബിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് ഫിനാ ന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിട്ടുണ്ട്.