ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടൻ കാർഷിക കടാശ്വാസം പ്രഖ്യാപിച്ച ബി.എസ്.യെഡിയൂരപ്പ, സ്ഥാനമുറപ്പിക്കാനുളള ശ്രമങ്ങളും തുടങ്ങി. സംസ്ഥാന ഇന്റലിജൻസ് മേധാവിയെയും പൊലീസ് മേധാവിയെയും അടക്കം ഉയർന്ന ഉദ്യോഗസ്ഥർ പലരെയും യെഡിയൂരപ്പ മാറ്റി.

വിവിധ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മാറ്റമുണ്ട്. ഇതിന് പുറമെ കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ച ഈഗിൾടൺ റിസോർട്ടിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. ഇതോടെ എംഎൽഎമാരെ സുരക്ഷിതരാക്കാൻ മറുതന്ത്രം മെനയുകയാണ് കോൺഗ്രസും ജെഡിഎസും.

എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റാനുളള ചർച്ചകൾ വീണ്ടും സജീവമായി. നേരത്തെ തന്നെ ഈ തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലേക്ക് ഇവരെ മാറ്റുമെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ചതോടെയാണ് ഏറ്റവും സുരക്ഷിതമെന്നും ബിജെപിക്ക് കാര്യമായി സ്വാധീനം ചെലുത്താൻ സാധിക്കാത്ത ഇടമെന്നുമുളള നിലയിൽ കേരളത്തിലേക്ക് എംഎൽഎമാരെ മാറ്റാനുളള ആലോചനകൾ സജീവമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ