ബെംഗളൂരു: നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മേധാവിത്വം ഉറപ്പിച്ച കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ തുടക്കത്തിലേ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. യെഡിയൂരപ്പ നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കി. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ സാംസ്കാരിക വകുപ്പിന് ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കണമെന്ന നിര്‍ദേശം നല്കി. അടിയന്തരമായി ഇത് പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും യെഡിയൂരപ്പ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബിജെപി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ബിജെപി എംഎല്‍എ കെ.ജി.ബൊപ്പയ്യ നല്കിയ അപേക്ഷയിലാണ് നടപടി. ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വച്ചായിരുന്നു ടിപ്പു ജയന്തി നടത്തിയിരുന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, യെഡിയൂരപ്പയുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി.
2015 മുതലാണ് ടിപ്പു ജയന്തി ആഘോഷം കര്‍ണാടകയില്‍ ആരംഭിച്ചത്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് ടിപ്പു ജയന്തി. 2015 ല്‍ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു ജയന്തി ആഘോഷത്തിന് ആരംഭം കുറിച്ചത്. അന്ന് മുതലേ ഇതിനെതിരെ ബിജെപി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിയമസഭയില്‍ അടക്കം ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
Read Also: ‘വിശ്വാസപൂര്‍വ്വം യെഡിയൂരപ്പ’; വിജയം ശബ്ദവോട്ടിൽ
കഴിഞ്ഞ ദിവസമാണ് വിശ്വാസ വോട്ടെടുപ്പില്‍ യെഡിയൂരപ്പ ഭൂരിപക്ഷം തെളിയിച്ചത്. ശബ്ദ വോട്ടിലൂടെയായിരുന്നു വിശ്വാസ വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിശ്വാസ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് മുൻപായി രണ്ടുവരി വിശ്വാസ പ്രമേയം യെഡിയൂരപ്പ അവതരിപ്പിച്ചു.
17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ നിയമസഭയുടെ ആകെ അംഗബലം 208 ആയി കുറഞ്ഞിരുന്നു. ഇതില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് വേണ്ടിയിരുന്നത് 104 എംഎല്‍എമാരുടെ പിന്തുണയായിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എയുടെ അടക്കം പിന്തുണയോടെ 106 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് അനായാസം സാധിച്ചു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ജെ.പി.നഡ്ഡയ്ക്കും യെഡിയൂരപ്പ നന്ദി പറഞ്ഞു. എതിര്‍ക്കുന്നവരെ പോലും താന്‍ സ്നേഹിക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും വിശ്വാസ പ്രമേയത്തിനിടെ യെഡിയൂരപ്പ പറഞ്ഞു.
Read Also: ഗൂഗിളിനെ തിരുത്തി എൻ. എസ്. മാധവൻ, ഇന്ത്യയിലെ ആദ്യവനിതാ നിയമസഭാംഗം മേരി പുന്നൻ ലൂക്കോസ്
എന്നാല്‍, യെഡിയൂരപ്പയുടേത് സ്ഥിരതയുള്ള സര്‍ക്കാര്‍ ആയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞു. ജനവിധിയിലൂടെയല്ല യെഡിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുന്നത്. യെഡിയൂരപ്പയ്ക്ക് ഭൂരിപക്ഷമില്ല. 2008 ലും 2018 ലും ഇപ്പോഴും ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണയില്ലാതെയാണ് യെഡിയൂരപ്പ മുഖ്യമന്ത്രിയായതെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. ഈ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരും ഉറപ്പുമില്ല. യെഡിയൂരപ്പ വിമതര്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം നിന്ന് ഒരു സ്ഥിരതയുള്ള സര്‍ക്കാരിന് രൂപംനല്കാന് സാധിക്കുമോ? അത് ഒരിക്കലും സാധിക്കില്ലെന്നും അതിനാല്‍ ഈ വിശ്വാസ പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും സിദ്ധരാമയ്യ തുറന്നടിച്ചു.
17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. അതേസമയം, 17 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അത് നേട്ടമാകും.