ബെംഗളൂരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 24 മണിക്കൂർ മാത്രം അവശേഷിക്കെ പ്രോടെം സ്‌പീക്കറെ ബിജെപി നിശ്ചയിച്ചു. വീരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയെയാണ് കർണാടകത്തിൽ ബിജെപി പ്രോടെം സ്‌പീക്കറുടെ ചുമതല നൽകിയത്.

നിലവിൽ 104 അംഗങ്ങളാണ് ബിജെപിക്ക് സംസ്ഥാനത്ത് ഉളളത്. പ്രോടെം സ്‌പീക്കർക്ക് കാസ്റ്റിങ് വോട്ട് മാത്രമേ ചെയ്യാനാവൂ. അതിനാൽ നാളത്തെ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്താനാവില്ല. ഭരണപക്ഷവും പ്രതിപക്ഷവും തുല്യനിലയിലായാൽ മാത്രമേ ഇദ്ദേഹത്തിന് വോട്ട് ചെയ്യാനാവുകയുളളൂ.

അതേസമയം, ബൊപ്പയ്യയുടെ നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രോടെം സ്‌പീക്കറായി കെ.ജി.ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്തു. നാളെ രാവിലെയാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. വൈകിട്ട് നാലിനാണ് ഭൂരിപക്ഷം തെളിയിക്കുന്നതിനുളള വോട്ടെടുപ്പ് നടക്കുക.

പത്ത് വർഷം മുൻപ് കർണാടകയിൽ മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യെഡിയൂരപ്പ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെ്ട്ട മുന്നോട്ട് വന്ന 11 വിമത എംഎൽഎമാർ, ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അന്നത്തെ സ്‌പീക്കറായിരുന്ന കെ.ജി.ബൊപ്പയ്യ, ഈ വിമത എംഎൽഎമാരെ അയോഗ്യരാക്കി യെഡിയൂരപ്പയ്ക്ക് ശക്തി പകർന്നു.

സാധാരണ സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെയാണ് പ്രോടെം സ്‌പീക്കറായി നിയമിക്കാറുളളതെന്നാണ് കെ.ജി.ബൊപ്പയയുടെ നിയമനത്തെ വിമർശിച്ച് കോൺഗ്രസ് ഉന്നയിച്ചത്.

Read More:ആരാണ് പ്രോടെം സ്‌പീക്കർ? എന്താണ് അധികാരങ്ങൾ?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ