ബെംഗളൂരു: കർണാടകയിൽ ബിജെപി നടത്തുന്ന ഓപ്പറേഷൻ താമരയുടെ തെളിവുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മോഹന വാഗ്‌ദാനങ്ങൾ നൽകി ജെഡി (എസ്) എംഎൽഎമാരെ ബിജെപി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്.

ബിജെപി പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയും ജെഡി(എസ്) എംഎൽഎയായ നാഗൻഗൗഡ കാൻഡ്കുറിന്റെ മകനും തമ്മിലുള്ള സംഭാഷണമാണ് ക്ലിപ്പിലുളളത്. 25 കോടിയും പിതാവിന് മന്ത്രിപദവിയുമാണ് യെഡിയൂരപ്പ വാഗ്‌ദാനം ചെയ്തതെന്ന് ശരൺഗൗഡ കാൻഡ്കുർ ആരോപിച്ചു.

”പ്രധാനമന്ത്രിയുടെ അറിവോടെയല്ലാതെ ഇതൊരിക്കലും സംഭവിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. ഒരു വശത്ത് നരേന്ദ്ര മോദി ജനാധിപത്യത്തെയും രാഷ്ട്രീയ നേതാക്കളെയും കുറിച്ച് പുകഴ്‌ത്തി സംസാരിക്കുന്നു. മറുവശത്ത് കളളപ്പണത്തിലൂടെ ജനാധിപത്യത്തെ ഇല്ലാതാക്കാൻ തന്റെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കുന്നു, ”കുമാരസ്വാമി പറഞ്ഞു.

ബിജെപി തങ്ങളുടെ എംഎൽഎമാരെ വശത്താക്കാൻ ശ്രമിക്കുന്നതായി ജെഡി (എസ്) നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. കോൺഗ്രസ്-ജെഡി (എസ്) സഖ്യമാണ് കർണാടക ഭരിക്കുന്നത്. നിയമസഭയിൽ സഖ്യത്തിന് 117 എംഎൽഎമാരുണ്ട്. ബിജെപിക്ക് 104 എംഎൽഎമാരാണുള്ളത്. സഖ്യകക്ഷിയിൽനിന്നും എംഎൽഎമാരെ വശത്താക്കി അവിശ്വാസ പ്രമേയത്തിലൂടെ സർക്കാരിനെ താഴെയിടാനാണ് ബിജെപി ശ്രമമെന്നാണ് ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ