ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് 6.30നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസും ജെഡിഎസും ചടങ്ങ് ബഹിഷ്കരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജയുഭായ് വാല അനുമതി നല്‍കിയതായി യെഡിയൂരപ്പ അറിയിച്ചു. ഇന്ന് രാവിലെ 10 ന് രാജ്ഭവനിലെത്തി യെഡിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം യെഡിയൂരപ്പ അറിയിച്ചത്.

ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായും യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അമിത് ഷായുടെ ഫോണ്‍ കോള്‍ വന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകൂ എന്ന് അമിത് ഷാ തന്നോട് പറഞ്ഞതായി യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാരായിരിക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യെഡിയൂരപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാരിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി.കുമാരസ്വാമി തയ്യാറായില്ല.

Read Also: മൂന്ന് വിമത എംഎല്‍എമാരെ അയോഗ്യരാക്കി കര്‍ണാടക സ്‌പീ‌ക്കർ

ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാമെന്ന് പറഞ്ഞ ഒരു സ്വതന്ത്ര എംഎൽഎയെയും രണ്ട് കോൺഗ്രസ് വിമത എംഎൽഎമാരെയും കഴിഞ്ഞ ദിവസം സ്പീക്കർ കെ.ആർ.രമേഷ് കുമാർ അയോഗ്യരാക്കിയിരുന്നു.  സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ (കെപിജെപി), കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ള എംഎല്‍എമാരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും സ്‌പീ‌ക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും. രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു.

Read Also: അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോയി; ഇന്ന് വിജയമുദ്രയോടെ മടക്കം, ഇതാണ് യെഡിയൂരപ്പ

സ്വതന്ത്ര എംഎൽഎയായ ആർ.ശങ്കർ നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അയോഗ്യനാക്കപ്പെട്ടതോടെ ബിജെപിക്ക് ഇത് തിരിച്ചടിയായി. ബിജെപിയുടെ നിയമസഭയിലെ അംഗബലം 106 ആയി കുറയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook