ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താന്‍ താമസിക്കില്ലെന്ന് പ്രതിപക്ഷ നേതാവും ബിജെപി അദ്ധ്യക്ഷനുമായ ബി.എസ്.യെഡിയൂരപ്പ. 2011 വരെ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താമസിച്ച ബംഗ്ലാവ് തനിക്ക് അനുവദിക്കണമെന്നാണ് യെഡിയൂരപ്പയുടെ ആവശ്യം. എന്നാല്‍ റെയ്സ് കോഴ്സ് റോഡിലുളള നാലാം നമ്പര്‍ ബംഗ്ലാവ് യെഡിയൂരപ്പയ്‌ക്ക് അനുവദിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 30ന് ഉത്തരവ് പുറത്തിറക്കി. എന്നാല്‍ മുമ്പ് താന്‍ താമസിച്ച രണ്ടാം നമ്പര്‍ ബംഗ്ലാവ് തനിക്ക് അനുവദിക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.

താന്‍ ആവശ്യപ്പെട്ട ബംഗ്ലാവ് അനുവദിക്കാത്തതില്‍ യെഡിയൂരപ്പ നിരാശ പ്രകടിപ്പിച്ചു. ‘എന്റെ അപേക്ഷ മുഖ്യമന്ത്രി പരിഗണിക്കാത്തത് കൊണ്ട് തന്നെ അനുവദിച്ച് തന്ന വസതിയില്‍ ഞാന്‍ താമസിക്കില്ല. ബെംഗളൂരുവില്‍ എത്തിയാല്‍ എന്റെ ഡോളാസിലുളള വസതിയില്‍ താമസിക്കും’, യെഡിയൂരപ്പ പറഞ്ഞു. നേരത്തേ രണ്ടാം നമ്പര്‍ ബംഗ്ലാവില്‍ താമസിക്കുമ്പോള്‍ വാസ്‌തു ശാസ്ത്ര പ്രകാരം യെഡിയൂരപ്പ കെട്ടിടത്തിന് നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. രണ്ട് തവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തന്നെ വീടിന്റെ വാസ്‌തു സഹായിച്ചിട്ടുണ്ടെന്നാണ് യെഡിയൂരപ്പയുടെ വിശ്വാസമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.ദേവഗൗഡയുടെ നിർദ്ദേശപ്രകാരമാണ് യെഡിയൂരപ്പയ്‌ക്ക് രണ്ടാം നമ്പര്‍ വസതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം നമ്പര്‍ യെഡിയൂരപ്പയ്‌ക്ക് അനുവദിച്ചാല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായേക്കാം എന്ന് വാസ്‌തുവിലും ജ്യോതിഷത്തിലും ഏറെ വിശ്വാസമുളള ദേവഗൗഡ മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയോട് അറിയിച്ചതായാണ് യെഡിയൂരപ്പ പക്ഷത്തിന്റെ വാദം.

യെഡിയൂരപ്പ പുറത്തായതിന് ശേഷം രണ്ടാം നമ്പര്‍ ബംഗ്ലാവില്‍ മുന്‍ പരിസ്ഥിതി മന്ത്രി ബി രാമനാഥ് റായ് ആണ് താമസിച്ചിരുന്നത്. ഇപ്പോള്‍ പുതിയ മന്ത്രിസഭയിലെ ടൂറിസം മന്ത്രിയായ സാ റാ മഹേഷിനാണ് രണ്ടാം നമ്പര്‍ ബംഗ്ലാവ് അനുവദിച്ചത്. പ്രതിപക്ഷ നേതാവായത് കാരണം കാബിനറ്റ് പദവിയുളള യെഡിയൂരപ്പയ്‌ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook