ബെംഗളൂരു: ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നും സംസ്ഥാനം ഭരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് ഒഴിഞ്ഞു പോകണമെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.

‘സംസ്ഥാനത്തെ അധ്യക്ഷന്‍ എന്ന നിലയില്‍ ഞാനിത് നേരത്തേ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ 105 എംഎല്‍എമാരുണ്ട്. അവര്‍ 20 അസംതൃപ്തരായ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എംമാരും. നിങ്ങള്‍ക്ക് ഭരണകൂടം നടത്തിക്കൊണ്ട് പോകാനുള്ള കഴിവില്ലെങ്കില്‍ രാജിവയ്ക്കുക,’ യെദ്യൂരപ്പ പറഞ്ഞു.

Read More: ഫൈവ് സ്റ്റാർ ഹോട്ടൽ എന്തിന്, റോഡിൽ കിടന്നുറങ്ങാനും തയ്യാറെന്ന് എച്ച്.ഡി.കുമാരസ്വാമി

നിയമസഭാ തിരഞ്ഞൈടുപ്പ് കഴിഞ്ഞ് 13 മാസത്തിന് ശേഷം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിന് കര്‍ണാടകയിലെ വോട്ടര്‍മാര്‍ സമ്മതിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

‘സ്വാര്‍ത്ഥ താതാത്പര്യത്തോടെ അത്തരം തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. രാജിവച്ച് വീട്ടില്‍ പോകുക. ഞങ്ങള്‍ ഭരിച്ചോളാം. ഞാന്‍ നേരത്തേ ഇത് പറഞ്ഞിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ അവരുടെ കലഹങ്ങള്‍ നോക്കിയാല്‍ മനസിലാകും ഈ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ല എന്ന്,’ യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലേക്ക് മധ്യകാല തിരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡെയുടെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് യെദ്യൂരപ്പ ഇങ്ങനെ പറഞ്ഞത്.

തന്റെ മകൻ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡി (എസ്) സർക്കാർ എത്ര കാലം തുടരുമെന്ന് അറിയില്ലെന്നും അത് മുതിർന്ന സഖ്യകക്ഷിയുടെ കൈയിലാണെന്നും ഗൗഡ പറഞ്ഞിരുന്നു.

സഖ്യസർക്കാർ ജനങ്ങളുടെ ഉത്തരവിന് വിരുദ്ധമാണെന്നും കർണാടകയെ അതിൽ നിന്ന് മോചിപ്പിക്കുന്നത് തന്റെ പാർടി അജണ്ടയും പരിപാടിയാണെന്നും സംസ്ഥാന ബിജെപി ചുമതലയുള്ള മുരളീധർ റാവു പറഞ്ഞു.

“കർണാടകയിലെ അപൂർണ്ണമായ ജോലികൾ ഞങ്ങൾ പൂർത്തിയാക്കണം. 105 സീറ്റുകൾ നേടിയ ശേഷം ഞങ്ങൾ സർക്കാരിൽ ഇല്ല. 38 സീറ്റുകളുള്ളവർ സർക്കാർ നടത്തുന്നു. ഇത് പൊതു ഉത്തരവിനെ പരിഹസിക്കുന്നതാണ്. ഈ സർക്കാർ ജനങ്ങളുടെ ഉത്തരവിന് എതിരാണ്, അത് കർണാടകയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്,” പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook