ഹൈദരാബാദ്: കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രേഖയിൽ ഭേദഗതി കൂടിയേ തീരൂവെന്ന് സീതാറാം യെച്ചൂരി. സിപിഎം 22ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രേഖ പ്രകാശ് കാരാട്ട് അവതരിപ്പിച്ച ശേഷം ഇതിന് മേലുയർന്ന വിയോജിപ്പുകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുകയായിരുന്നു യെച്ചൂരി.

ഭേദഗതിയില്ലാതെ ഇതേ കരട് രേഖയുമായി മുന്നോട്ട് പോയാൽ ഭാവിയിൽ ദു:ഖിക്കേണ്ടി വരുമെന്ന് യെച്ചൂരി പറഞ്ഞു. നാളെനടക്കുന്ന പ്രതിനിധി ചർച്ചയിൽ രാഷ്ട്രീയ അടവുനയത്തിൽ മാറ്റം വരുത്തണോയെന്ന കാര്യത്തിലെ നിർണ്ണായക തീരുമാനം ഉണ്ടാകും. പ്രതിനിധികൾ ഭേദഗതികൾ നിർദ്ദേശിക്കുമെന്ന വിശ്വാസത്തിലാണ് യെച്ചൂരി.

എന്നാൽ കോൺഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് ഏത് വിധത്തിലാവും പ്രതിനിധികൾ പ്രതികരിക്കുകയെന്നും ഇതിൽ ആർക്കാവും ഭൂരിപക്ഷം ലഭിക്കുകയെന്നും വ്യക്തമല്ല. അതേസമയം ഭേദഗതികൾ തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗവും. മുന്നൂറിലേറെ ഭേദഗതികൾ പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

തന്റെ പ്രസംഗത്തിലുടനീളം ബിജെപിയെയും സംഘപരിവാറിനെയും ആക്രമിച്ചാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസംഗിച്ചത്. ഭരണഘടനാ സ്ഥാപനങ്ങൾ, പാർലമെന്ററി സ്ഥാപനങ്ങൾ എല്ലാം ആക്രമിച്ചാണ് സംഘപരിവാർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പിലാക്കുന്നതെന്ന് സീതാറാം യെച്ചൂരി വിമർശിച്ചു.

ബിജെപിക്കെതിരെ മതേതര നിലപാടുളള കക്ഷികൾ ഒന്നിക്കണമെന്ന ആവശ്യത്തിലൂന്നിയായിരുന്നു യെച്ചൂരിയുടെ പ്രസംഗം. അതേസമയം ആദ്യം സംസാരിച്ച പ്രകാശ് കാരാട്ട് കോൺഗ്രസുമായി യാതൊരു സഖ്യവും സാധ്യമല്ലെന്ന് ആവർത്തിച്ചിരുന്നു. കരട് രേഖ അവതരിപ്പിച്ച് സംസാരിച്ച കാരാട്ട്, കോൺഗ്രസ് ബൂർഷ്വാ ഭൂപ്രഭു പാർട്ടിയാണെന്നും വിശദീകരിച്ചിരുന്നു. പിന്നാലെ യെച്ചൂരിയുടെ അഭിപ്രായം ന്യൂനപക്ഷത്തിന്റെ അഭിപ്രായമാണെന്നും കാരാട്ട് വിമർശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook