ഹരിദ്വാറിൽ വിദ്വേഷ പ്രസംഗവും കലാപാഹ്വാനവും നടത്തിയ കേസിൽ യതി നരംസിംഹാനന്ദ് അടക്കം രണ്ട് പേരെ കൂടി പ്രതികളായി എഫ്ഐആറിൽ ചേർത്തു. മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനവും നടത്തിയ സംഭവത്തിലാണ് എഫ്ഐആർ രജിസ്ട്രർ ചെയ്തത്.
ഐപിസി 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും ഐക്യത്തിന് ഹാനികരമായ പ്രവൃത്തികളും) വകുപ്പ് പ്രകാരം സംഭവത്തിൽ ഗുൽബഹർ ഖാൻ എന്നയാളുടെ പരാതിയിൽ ഡിസംബർ 22 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര നാരായൺ ത്യാഗി എന്ന് പേര് മാറ്റിയ മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‌വിയുടെ പേര് മാത്രമായിരുന്നു അന്ന് എഫ്ഐആറിൽ ചേർത്തിരുന്നത്. ഇതിന് പിറകെ ധരംദാസ് മഹാരാജിന്റെയും അന്നപൂർണ മായുടെയും പേരുകൾ കഴിഞ്ഞയാഴ്ച എഫ്‌ഐആറിൽ ചേർത്തിരുന്നു.
ഹരിദ്വാറിൽ പരിപാടി സംഘടിപ്പിച്ച വിവാദ ഹിന്ദുത്വ നേതാവ് യതി നരസിംഹാനന്ദിന്റെയും റൂർക്കിയിൽ നിന്നുള്ള സാഗർ സിന്ധുരാജ് മഹാരാജിന്റെയും പേരുകൾ ഇപ്പോൾ ക്രിമിനൽ കേസിൽ ചേർത്തിട്ടുണ്ടെന്ന് ഹരിദ്വാർ സിറ്റി സർക്കിൾ ഓഫീസർ (സിഒ) ശേഖർ സുയാൽ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
Also Read: ജാമിയ ഉൾപ്പെടെ 6000 സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദായി
“എഫ്‌ഐആറിൽ ഇതിനകം മൂന്ന് പേരുകൾ ഉണ്ടായിരുന്നു, ശനിയാഴ്ച ഞങ്ങൾ രണ്ട് പേരുകൾ കൂടി ചേർത്തു, പ്രതികളുടെ എണ്ണം ആകെ അഞ്ചായി. കേസിന്റെ അന്വേഷണത്തെ തുടർന്നാണ് ഈ പേരുകൾ ചേർത്തത്. അന്വേഷണം ഇപ്പോഴും നടക്കുന്നതിനാൽ, കൂടുതൽ പേരുകൾ ചേർത്തേക്കാം, ” ശേഖർ സുയാൽ പറഞ്ഞു. കേസിൽ ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും സിഒ പറഞ്ഞു.
അതിനിടെ, ഉത്തരാഖണ്ഡ് പോലീസ് ആസ്ഥാനത്തിനും സംസ്ഥാന സെക്രട്ടേറിയറ്റിനും പുറത്ത് ശനിയാഴ്ച ‘ധരം സൻസദ’നെതിരെ വൻ പ്രതിഷേധം നടന്നു. പ്രതിഷേധിച്ചവർ, പ്രധാനമായും മുസ്ലീം സമുദായത്തിൽപ്പെട്ട പ്രദേശവാസികൾ, കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെ ആരംഭിച്ച പ്രതിഷേധം ഏകദേശം 2-3 മണിക്കൂർ നീണ്ടു, തുടർന്ന് ധരം സൻസദിൽ ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തുമെന്ന് ആരോപിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.
ഡിസംബർ 17-19 തീയതികളിൽ നടന്ന ധർമ് സൻസദ് എന്ന മതസമ്മേളനത്തിൽ, മുസ്ലീങ്ങൾക്കെതിരെ യുദ്ധം ചെയ്യാനും ഇന്ത്യയിൽ അവരുടെ ജനസംഖ്യ കുറയ്ക്കാനും പ്രഭാഷകർ ആഹ്വാനം ചെയ്തതായി ആരോപിക്കപ്പെടുന്നു.