യശ്വന്ത് സിന്‍ഹ 1993ല്‍ ബി ജെ പിയില്‍ ചേര്‍ന്നതിനെ, പാര്‍ട്ടിക്കുള്ള ദീപാവലി സമ്മാനമെന്നാണു മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വിശേഷിപ്പിച്ചത്. അതിനുശേഷം, താന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടിയെപ്പോലെ സിന്‍ഹയും ഒരുപാട് ദൂരം പിന്നിട്ടുകഴിഞ്ഞു.
അദ്വാനി വളര്‍ത്തിയെടുത്ത യശ്വന്ത് സിന്‍ഹ, 1999 മുതല്‍ 2004 വരെയുള്ള അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു. നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി ജെ പിയില്‍നിന്നു പുറത്തുവന്നശേഷം തന്റെ രാഷ്ട്രീയ ജീവചരിത്രം മാറ്റിയെഴുതിയ സിന്‍ഹ ഇപ്പോള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ കാര്യമായ വെല്ലുവിളി എന്‍ ഡി എ പ്രതീക്ഷിക്കുന്നില്ലെങ്കിലും യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ പ്രതീകാത്മകത സൃഷ്ടിക്കുന്നു. അത് മോദി സര്‍ക്കാരിനെതിരായ ധാര്‍മിക നിലപാട് തേടുന്നതാണ്.
”തൃണമൂല്‍ കോണ്‍ഗ്രസില്‍ എനിക്ക് മമത നല്‍കിയ ബഹുമാനത്തിനും അന്തസിനും ഞാന്‍ നന്ദിയുള്ളവനാണ്. ഇപ്പോള്‍ ഒരു വലിയ ദേശീയ ലക്ഷ്യത്തിനായി വിശാലമായ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. ഈ നടപടി അവര്‍ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നുള്ള രാജി പ്രഖ്യാപിച്ച് യശ്വന്ത് സിന്‍ഹ ഇന്ന് ട്വീറ്റ് ചെയ്തു.
ഐ എ എസ് ഉദ്യോഗസ്ഥനായ യശ്വന്ത് സിന്‍ഹ 1984-ല്‍ സര്‍വിസില്‍നിന്നു രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1988-ല്‍ രാജ്യസഭാംഗമായി. അഞ്ചു കൊല്ലത്തിനുശേഷം ബി ജെ പിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയിലെ തന്റെ പ്രതാപകാലത്തിനൊടുവിൽ 2005-നുശേഷമാണ് ഒതുക്കപ്പെട്ടത്.
Also Read: Top news live updates: യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദ് അലി ജിന്നയെ പുകഴ്ത്തിയ തന്റെ മാര്‍ഗദര്‍ശി എല്‍ കെ അദ്വാനിയെ പ്രതിപക്ഷ നേതാവ് പദവിയില്‍നിന്നു പുറത്താക്കമെന്ന് ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ സിന്‍ഹയുമുണ്ടായിരുന്നു. അധികാരം പിടിക്കാന്‍ കഴിയാതെ ബി ജെ പി നീണ്ട 10 വര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിനു പിന്നാലെ അദ്വാനി അപ്രസക്തനായതിനൊപ്പം സിന്‍ഹയും തിരശീലയ്ക്കു പിന്നിലേക്കു കൂടുതല്‍ പോയി.
നന്ദ്രേ മോദിയുടെ ആരോഹണത്തെത്തുടര്‍ന്നാണ് ബി ജെ പിയില്‍ ഒടുവിലത്തെ ഭിന്നിപ്പുണ്ടായത്. സിന്‍ഹ മോദിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഒടുവില്‍ 2018 ല്‍ പാര്‍ട്ടി വിടുന്നതിന് മുമ്പ് ഇപ്പോഴത്തെ രൂപത്തില്‍ ബി ജെ പി ‘ജനാധിപത്യത്തിന് ഭീഷണിയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍നിന്ന് മൂന്നു തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട എണ്‍പത്തി നാലുകാരനായ സിന്‍ഹ തന്റെ രാഷ്ട്രീയ ജീവിതം പുനരുജ്ജീവിപ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. സമാന ചിന്താഗതിക്കാരായ നേതാക്കളുമായി ചേര്‍ന്ന് ‘രാഷ്ട്ര മഞ്ചിന്റെ’ ഭാഗമായി കശ്മീര്‍ പോലുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത അദ്ദേഹം പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഇതിടെ 2019-ല്‍ ‘റെലെന്റ്‌ലെസ്’ എന്ന പേരില്‍ ആത്മകഥ എഴുതുകയും ചെയ്തു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിക്കു ചുറ്റും പ്രതിപക്ഷത്തെ അണിനിരത്തുന്നതിലുള്ള ടി എം സി അധ്യക്ഷ മമത ബാനര്‍ജിയുടെ നീക്കമാണു സിന്‍ഹയെ തിരഞ്ഞെടുക്കുന്നതിലേക്കു നയിച്ചത്. ശരദ് പവാറും ഫാറൂഖ് അബ്ദുള്ളയും ഗോപാല്‍കൃഷ്ണ ഗാന്ധിയും നിരസിച്ചതിനുശേഷമാണു പൊതുസമ്മതനായി സ്ഥാനാര്‍ഥിയായി പ്രതിപക്ഷം സിന്‍ഹയിലേക്കെത്തിയത്.
Also Read: Top news live updates: യശ്വന്ത് സിന്‍ഹ പ്രAlso Read: ഏക്‌നാഥ് ഷിൻഡെ: താക്കറെ കഴിഞ്ഞാൽ ശിവസേനയിലെ ഏറ്റവും ശക്തനായ നേതാവ്, ബിജെപിയെ പിന്തുണയ്ക്കുന്നയാൾ
ബിഹാറിലെ പട്‌നയിലെ സമ്പന്ന കുടംബത്തിലായിരുന്നു സിന്‍ഹയുടെ ജനനം. പിതാവ് ബിപിന്‍ ബിഹാരി ശരണ്‍ തിരക്കുള്ള അഭിഭാഷകനായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ 1958ല്‍ ബിരുദാനന്തര ബിരുദം നേടിയ സിന്‍ഹ തുടര്‍ന്ന് 1960ല്‍ ഐ എ എസില്‍ പ്രവേശിക്കുന്നതു വരെ പട്‌ന സര്‍വകലാശാലയില്‍ ഇതേ വിഷയം പഠിപ്പിച്ചു.
വിദേശത്ത് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നതിനു മുന്‍പ് സിന്‍ഹ ബിഹാറില്‍ വിവിധ പദവികളില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു. 1971 നും 1973 നും ഇടയില്‍, ജര്‍മ്മനിയിലെ ബോണിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറി (കൊമേഴ്‌സ്യല്‍)യായിരുന്നു. 1973 മുതല്‍ 1974 വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി പ്രവര്‍ത്തിച്ചു. ഐ എ എസില്‍നിന്ന് രാജിവയ്ക്കുന്നതിനു മുമ്പ്, ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
ജനതാ പാര്‍ട്ടിയില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സിന്‍ഹ 1990 നവംബറിനും 1991 ജൂണിനും ഇടയില്‍ ചന്ദ്രശേഖറിന്റെ ഹ്രസ്വകാല മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. തുടര്‍ന്ന് മറ്റു പാര്‍ട്ടികളിലേക്കു പോയെങ്കിലും തന്റെ രാഷ്ട്രീയ ഗുരുവായാണ് അദ്ദേഹം ചന്ദ്രശേഖറിനെ വിശേഷിപ്പിച്ചിരുന്നത്.
ചന്ദ്രശേഖറിന്റെ ഉപദേശത്തിനു വിരുദ്ധമായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും സിന്‍ഹ തന്റെ ആത്മകഥയില്‍ പറയുന്നു. ആര്‍ എസ് എസ് പശ്ചാത്തലമില്ലാത്തതിനാല്‍ ബി ജെ പി തന്നെ ഉപയോഗിച്ചശേഷം ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ശക്തനായ നേതാവ് മുന്നറിയിപ്പ് നല്‍കിയതായി സിന്‍ഹ പറയുന്നു. ”ഞാന്‍ ഒരിക്കലും ആര്‍ എസ് എസ് അംഗമായിരുന്നില്ല. കൗതുകത്താല്‍ പോലും കാക്കി ഹാഫ് പാന്റോ കറുത്ത തൊപ്പിയോ ധരിക്കുകയോ ശാഖയില്‍ പോകുകയോ ചെയ്തിട്ടില്ല. അതിനാല്‍, ബി ജെ പിയുടെ മുഖമുദ്രായ ആ പിതൃത്വത്തില്‍ എനിക്ക് ചെറിയ അവകാശവാദം പോലും ഉന്നയിക്കാന്‍ കഴിയില്ല,” സിന്‍ഹ എഴുതി.
25 വര്‍ഷമായി താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍നിന്ന് സ്വയം കൂടുതല്‍ അകന്ന അദ്ദേഹം, താന്‍ യുവ ഐ എ എസ് പ്രൊബേഷണറായിയിരിക്കെ കണ്ടുമുട്ടിയ ജവഹര്‍ലാല്‍ നെഹ്റുവി വലിയ സ്വാധീനം ചെലുത്തിയെന്ന് സിന്‍ഹ പറയുന്നു. ”എന്റെ ജീവിതത്തില്‍ പിന്നീടുള്ള പല തീരുമാനങ്ങളും പ്രതികരണങ്ങളും അദ്ദേഹം (നെഹ്റു) അന്ന് ഡല്‍ഹിയില്‍ പറഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.”
Also Read: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം; സമിതിയിൽ ആർഎസ്എസ് ബന്ധമുള്ള 24 പേർ
അദ്ദേഹത്തിന്റെ ഉപക്ഷേിച്ച രാഷ്ട്രീയ ജീവിതം മാറ്റിനിര്‍ത്തിയാല്‍, സിന്‍ഹയെ പ്രഗത്ഭനായ മന്ത്രിയായി എതിരാളികളായ നേതാക്കള്‍ പോലും അംഗീകരിക്കും. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ വീണില്ലായിരുന്നുവെങ്കില്‍, സിന്‍ഹ പരിഷ്‌കരണവാദിയായ ആദ്യ ധനമന്ത്രിയാകുമെന്നായിരുന്നു
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരിക്കല്‍ പറഞ്ഞത്
എ ബി വാജ്പേയി സര്‍ക്കാരില്‍ 1998-നും 2002-നും ഇടയില്‍ സിന്‍ഹ രണ്ടു തവണ ധനമന്ത്രിയായി. 2002ല്‍ അദ്ദേഹം വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങുമായി വകുപ്പ് കൈമാറി.
തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലുമായുള്ള നല്ല ബന്ധത്തെക്കുറിച്ച് സിന്‍ഹ പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. കൂടാതെ ഒരു യുഎസ് പ്രസിഡന്റിനെ കാണാന്‍ ക്ഷണിക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി താനാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഒരു കോളത്തില്‍ അദ്ദേഹം എഴുതി.
സിന്‍ഹ ബിജെപിയില്‍ നിന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറിയെങ്കിലും പാര്‍ട്ടിയുടെ ഭാഗമായി തുടരുന്ന മകന്‍ ജയന്ത് ഹസാരിബാഗില്‍ നിന്നുള്ള എംപിയാണ്. ഒന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു.