ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ കൂപ്പുകുത്തിയതില്‍ മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയും ആയിരുന്ന യശ്വന്ത് സിന്‍ഹ. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിന് യുപിഎ സര്‍ക്കാരിനെ കുറ്റം പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “നമുക്ക് മുന്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ കഴിയില്ല, കാരണം നമുക്കും അവസരം ലഭിച്ചിരുന്നല്ലോ”, യശ്വന്ത് സിന്‍ഹ എഎന്‍ഐയോട് വ്യക്തമാക്കി.

2014ന് മുമ്പ് പാര്‍ട്ടി വക്താവ് ആയിരുന്ന കാലത്ത് യുപിഎ സര്‍ക്കാരിനെ താനും കുറ്റപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. “2014ന് മുമ്പ് സാമ്പത്തിക കാര്യങ്ങള്‍ വരുമ്പോള്‍ ഞാനായിരുന്നു പാര്‍ട്ടി വക്താവ്. അന്ന് യുപിഎ സര്‍ക്കാരിനെ ‘പക്ഷപാതം പിടിച്ച നയം’ എന്ന് വിളിച്ച് കുറ്റപ്പെടുത്തിയിരുന്നു”, സിന്‍ഹ പറഞ്ഞു.

നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക് പോയതിൽ ബിജെപിയിൽ പലർക്കും അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ജിഎസ്ടി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. ജിഎസ്ടി നടപ്പാക്കിയതിലൂടെ നിരവധി ചെറുകിട സംരഭങ്ങൾ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് പുതിയ പദ്ധതികൾ ഒന്നുമില്ലെന്നും ചെറുകിട സംരഭങ്ങൾ അടച്ചു പൂട്ടിയതോടെ നിരവധി പേർക്കു തൊഴിൽ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക കാരണങ്ങളാണ് ജിഡിപി താഴ്ന്നതിനു പിന്നിലെന്ന് അമിത് ഷായുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. വളർച്ച കണക്കു കുട്ടുന്ന രീതിയിൽ ബിജെപി മാറ്റം വരുത്തണം. യഥാർഥത്തിൽ പുറത്തുവന്നതിനേക്കാൾ താഴ്ചയിലാണ് ജിഡിപിയെന്നും സിൻഹ പറഞ്ഞു. എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാന്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പരാജയപ്പെട്ടുവെന്നും സിൻഹ കുറ്റപ്പെടുത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ