അഹമദാബാദ് : നോട്ടുനിരോധനവും ചരക്കുസേവനികുതിയും അടക്കം കേന്ദ്ര സര്‍കാരിന്‍റെ സാമ്പത്തിക നയങ്ങളെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ചൊവാഴ്ച നടത്തിയൊരു പ്രസ്താവനയിലൂടെ ധനകാര്യ മന്ത്രി അരുണ്‍ ജൈറ്റ്‌ലിയെയാണ് യശ്വന്ത് സിന്‍ഹ വിമര്‍ശിക്കുന്നത്. ചരക്കുസേവന നികുതി കൊണ്ടുവന്ന അരുണ്‍ ജെയ്റ്റ്‌ലി ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഒരു അധികഭാരമായിരിക്കുകയാണ് എന്നായിരുന്നു യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ ഏറെ ചലനം സൃഷ്ടിക്കുന്നതാണ് മുതിര്‍ന്ന ബിജെപി നേതാവായ യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനങ്ങള്‍. ഗുജറാത്തില്‍ നിന്നുമുള്ള രാജ്യസഭാ എംപിയാണ് ബിജെപിയുടെ ധനകാര്യ മന്ത്രി.

” ധനകാര്യമന്ത്രിയെ ഒരു ഗുജറാത്തിയായി ഞാന്‍ കാണുന്നില്ല എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്… അദ്ദേഹം ഗുജറാത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളായിരിക്കാം, പക്ഷെ അത് നിങ്ങള്‍ക്ക് അധികഭാരമാണ്. അദ്ദേഹത്തെ ഗുജറാത്തില്‍ നിന്നല്ല തിരഞ്ഞെടുത്തത് എങ്കില്‍ ആ സ്ഥാനത്ത് ഒരു ഗുജറാത്തിക്ക് പാരലമെന്റില്‍ അവസരംലഭിക്കുമായിരുന്നു.” യശ്വന്ത് സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു..

ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന സിന്‍ഹ ധാരാളം പൊതുപരിപാടികളിലും പങ്കെടുത്ത് വരികയാണ്. ” ഇപ്പോല്‍ സംസാരിക്കുവാനുള്ള സമയമാണ്” എന്ന ബാനറില്‍ ആണ് സിന്‍ഹ പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത്. അഹമദാബാദ്, രാജ്കോട്ട്, വഡോദര എന്നീ നഗരങ്ങളില്‍ സഞ്ചരിക്കുകയാണ് സിന്‍ഹ ഇപ്പോള്‍. ചരക്കുസേവന നികുതിയിലെ ‘പ്രശ്നനങ്ങള്‍ക്ക്’ പൂര്‍ണ ഉത്തരവാദിത്തം അരുണ്‍ ജെയ്റ്റ്‌ലിക്കാണ് എന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.

“തല വന്നാല്‍ ഞാന്‍ ജയിച്ചു, വാല്‍ വന്നാല്‍ നീ തോറ്റു” എന്ന സിദ്ധാന്തത്തിലാണ് ധനകാര്യ മന്ത്രി വിശ്വസിക്കുന്നത്. രാജ്യത്തെ തകര്‍ന്നു തരിപ്പണമായ നികുതി വ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്നതില്‍ അദ്ദേഹത്തിനു അഭിമാനിക്കാന്‍ ഒന്നുമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടാന്‍ പൂര്‍ണ അവകാശമുണ്ട്.” മുതിര്‍ന്ന ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ