ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമതു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്റെ അഭിനന്ദിച്ച് എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. ദ്രൗപദി മുര്‍മു ഭയമോ പ്രീതിയോ ഇല്ലാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
തന്റെ സ്ഥാനാര്‍ത്ഥിത്വം ഒട്ടുമിക്ക പ്രതിപക്ഷ കക്ഷികളെയും പൊതുവേദിയില്‍ ഒരുമിപ്പിച്ചെന്നും പ്രതിപക്ഷ ഐക്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിനപ്പുറം തുടരുമെന്നു പ്രതീക്ഷിക്കുന്നതായും യശ്വന്ത് സിന്‍ഹ പറഞ്ഞു. ”ഇത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിഫലിക്കണം,” അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്‍ ഡി എ നോമിനി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥല മാര്‍ഗരറ്റ് ആല്‍വയും തമ്മിലുള്ള മത്സരത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചുവന്നെ വാര്‍ത്ത പുറത്തുവന്നു കഴിഞ്ഞിരിക്കുകയാണ്്.
”രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയത്തിനു ദ്രൗപതി മുര്‍മുവിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെന്ന നിലയില്‍ അവര്‍ ഭരണഘടനയുടെ സംരക്ഷകയായി ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും, ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നു. ദ്രൗപദി മുര്‍മുവിന് ആശംസകള്‍ നേരുന്നു,” സിന്‍ഹ പ്രസ്താവനയില്‍ പറഞ്ഞു.
തന്നെ സമവായ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതിനു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നന്ദി പറഞ്ഞു. ”എനിക്ക് വോട്ട് ചെയ്ത ഇലക്ടറല്‍ കോളേജിലെ എല്ലാ അംഗങ്ങള്‍ക്കും നന്ദി പറയുന്നു. ഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുകയെന്ന ഭഗവദ് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ ഉദ്‌ബോധിപ്പിച്ചതുപോലെ കര്‍മയോഗ തത്വത്തില്‍ മാത്രം നയിക്കപ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനം ഞാന്‍ സ്വീകരിച്ചു. എന്റെ രാജ്യത്തോടുള്ള സ്നേഹത്താല്‍ കര്‍ത്തവ്യം മനഃസാക്ഷിയോടെ നിര്‍വഹിച്ചു. പ്രചാരണ വേളയില്‍ ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പ്രസക്തമാണ്,”അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനാധിപത്യത്തിന് രണ്ട് പ്രധാന വഴികളിലൂടെ ഗുണം ചെയ്തുവെന്നു വിശ്വസിക്കുന്നു. ഒന്നാമതായി, മിക്ക പ്രതിപക്ഷ കക്ഷികളെയും ഒരു പൊതുവേദിയില്‍ കൊണ്ടുവന്നു. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്, രാഷ്ട്രപതി തിരഞ്ഞെടുപ്പിനപ്പുറം പ്രതിപക്ഷ ഐക്യം തുടരാനും കൂടുതല്‍ ശക്തിപ്പെടുത്താനും അവരോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും അത് ഒരേപോലെ പ്രകടമാകണം.
രണ്ടാമതായി, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജ്യത്തിന്റെയും സാധാരണക്കാരുടെയും മുമ്പിലുള്ള പ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കാഴ്ചപ്പാടുകളും ആശങ്കകളും പ്രതിബദ്ധതകളും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ദ്രൗപതി മുര്‍മുവിന്റെ ‘റെക്കോര്‍ഡ് വിജയം ജനാധിപത്യത്തിനു ശുഭസൂചനയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുന്നില്‍ നിന്ന് നയിക്കുകയും ഇന്ത്യയുടെ വികസന യാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മികച്ച രാഷ്ട്രപതിയായിരിക്കും ദ്രൗപതി മുര്‍മുമെന്നും അദ്ദേഹം പറഞ്ഞു.
”ശ്രീമതി ദ്രൗപതി മുര്‍മു ജി ഒരു മികച്ച എം എല്‍ എയും മന്ത്രിയുമാണ്. ജാര്‍ഖണ്ഡ് ഗവര്‍ണറെന്ന നിലയില്‍ അവര്‍് മികച്ച ഭരണാധികാരിയായിരുന്നു. അവര്‍ മുന്നില്‍ നിന്ന് നയിക്കുകയും ഇന്ത്യയുടെ വികസന യാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് ഉറപ്പുണ്ട്,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പാര്‍ട്ടി ചിന്തകള്‍ക്കപ്പുറം ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച എല്ലാ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ദ്രൗപദി മുര്‍മുവിന്റെ ജീവിതം, ആദ്യകാല പോരാട്ടങ്ങള്‍, സമ്പന്നമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. ഈ വിജയത്തിലൂടെ അവര്‍ നമ്മുടെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, അധസ്ഥിതര്‍ എന്നിവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.