/indian-express-malayalam/media/media_files/uploads/2023/07/delhi-flood.jpg)
എട്ട് രാജ്യങ്ങള്‍ വെള്ളപ്പൊക്ക ദുരന്തം നേരിടുന്നു; കാലാവസ്ഥാ വ്യതിയാനം ഇതിന് കാരണമാകുന്നുണ്ടോ?
ന്യൂഡൽഹി: വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ 208.66 മീറ്ററിലെത്തിയ ശേഷം, (1978-ൽ റിപ്പോർട്ട് ചെയ്ത 207.49 മീറ്ററെന്ന മുൻ റെക്കോർഡിനേക്കാൾ ഒരു മീറ്ററിലധികം കൂടുതൽ) യമുനയുടെ ജലനിരപ്പ് വെള്ളിയാഴ്ച പുലർച്ചയോടെ നേരിയ തോതിൽ കുറയുന്നു. ദേശീയ തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഇന്നലെ രാത്രി ഏഴ് വരെയും ജലനിരപ്പ് 208.66 മീറ്ററായിരുന്നു.
ചെങ്കോട്ട, കശ്മീർ ഗേറ്റ്, സിവിൽ ലൈൻസ്, രാജ്ഘട്ട്, ഐടിഒ എന്നിവയുൾപ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെങ്കോട്ടയുടെ ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പതിനേഴാം നൂറ്റാണ്ടിലെ സ്മാരകം വെള്ളിയാഴ്ച സന്ദർശകർക്കായി അടച്ചു.
ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വ്യാഴാഴ്ച പരമാവധി 1.50 ലക്ഷം ക്യുസെക് ആണ് ഒഴുക്കിവിടുന്നതെന്ന് ഡൽഹിയിലെ ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ചൊവ്വാഴ്ച ഹത്നികുണ്ഡിൽ നിന്ന് തുറന്നുവിട്ട 3.59 ലക്ഷം ക്യുസെക്കിന്റെ പീക്ക് ഡിസ്ചാർജിനെക്കാൾ താഴ്ന്ന നിലയാണിത്.
“നേരത്തെ ഹത്നികുണ്ഡിനും ഡൽഹിക്കും ഇടയിൽ മഴ പെയ്തിരുന്നെങ്കിൽ, ഹത്നികുണ്ഡിൽ നിന്ന് 3.59 ലക്ഷം ക്യുസെക് തുറന്നുവിട്ടതുകൊണ്ടാണോ അതോ മഴയുടെ അടിസ്ഥാനത്തിലാണോ ജലനിരപ്പ് ഉയരുന്നതെന്ന് പറയാൻ ബുദ്ധിമുട്ടാണ്. വരണ്ട കാലാവസ്ഥയിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ, ഒഴുക്ക് കണക്കിലെടുത്ത്, പുറത്തുവിടുന്ന വെള്ളത്തിന്റെ 60% മുതൽ 80% വരെ ഏകദേശം 36 മുതൽ 40 മണിക്കൂറിൽ ഡൽഹിയിലെത്തും. മഴക്കാലത്ത് തുറന്നുവിടുന്ന വെള്ളം ഏകദേശം 36 മണിക്കൂറിനുള്ളിൽ നദിയുടെ ഒഴുക്കിനൊപ്പം ഡൽഹിയിലെത്തും. ഹത്നികുണ്ഡിൽ നിന്ന് 352 ക്യുസെക് സാധാരണ പുറന്തള്ളുന്നത്," വ്യാഴാഴ്ചത്തെ ജലനിരപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
ബാരേജിൽ നിന്നുള്ള വെള്ളം ഡൽഹിയിലെത്താൻ സാധാരണയായി 72 മണിക്കൂർ എടുക്കും, എന്നാൽ നദിയിലെ ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത്തവണ നേരത്തെ എത്തിയതാകാമെന്ന് അധികൃതർ കരുതുന്നു. മലയോരങ്ങളിൽ മഴ കുറഞ്ഞതാണ് ഹത്നികുണ്ഡ് ബാരേജിലെ നദിയിലെ ജലനിരപ്പ് കുറയുന്നതിന് പ്രധാന കാരണമെന്ന് അധികൃതർ പറയുന്നു.
യമുന നഗറിലെ തപു കമാൽപൂർ ഗ്രാമത്തിൽ വ്യാഴാഴ്ച സൈന്യത്തെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ ഹിമാചൽ പ്രദേശിലും അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കൻ ഹരിയാനയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച പ്രവചനത്തിൽ പറയുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഡൽഹിയിൽ എത്തുന്നതിന് മുമ്പ് യമുന കടന്നുപോകുന്ന മൂന്ന് സംസ്ഥാനങ്ങൾ ഇവയാണ്.
ഡൽഹിയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വാരാന്ത്യത്തിൽ പെയ്ത കനത്ത മഴയ്ക്ക് ശേഷം, ഡൽഹിയിലെ യമുനയുടെ ജലനിരപ്പ് തിങ്കളാഴ്ച വൈകുന്നേരത്തോടെ 205.33 മീറ്റർ എന്ന "അപകടകരമായ" അടയാളം മറികടന്നിരുന്നു.
സ്ഥിതിഗതികൾ കണക്കിലെടുത്ത് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) നടപടികൾ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും സർക്കാർ ഓഫീസുകളും ഞായറാഴ്ച വരെ അടച്ചിടാൻ നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകൾ മാത്രമേ നഗരത്തിലേക്ക് കടത്തിവിടൂ.
ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ സാധാരണയായി ഐഎസ്ബിടി കാശ്മീർ ഗേറ്റിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ഇപ്പോൾ അത് സിംഗു അതിർത്തിയിൽ യാത്ര അവസാനിപ്പിക്കും. തങ്ങളുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഓഫീസുകൾക്ക് നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.